film field reactions and emotions about actress attacked incident

തിരുവനന്തപുരം: പ്രമുഖ സിനിമതാരത്തെ തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധവും ദുഖവും ഒപ്പം നടിക്ക് ശക്തമായ പിന്തുണയുമായി മലയാള സിനിമാ ലോകം.

പ്രമുഖ താരങ്ങളായ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മേജര്‍ രവി, ഭാമ, അനുപ് മേനോന്‍, ലിജോ ജോസ് പല്ലിശേരി തുടങ്ങീ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത്.

അതേസമയം, മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും മൗനം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്.

പൃഥ്വിരാജ്

ഈ കൃത്യം ചെയ്ത ‘തന്തയില്ലാത്തവരെ’ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു. നടിയുടെ ചിത്രം സഹിതമാണ് പൃഥ്വിരാജ് പോസ്റ്റിട്ടത്. മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു.

ഈ അപമാനത്തിന് കാരണമായ പുരുഷസമൂഹത്തിന്റെ ഭാഗമാണ് താനെന്നും ഇതിനാല്‍ തന്റെ തല കുനിഞ്ഞുപോകുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ഇപ്പോള്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ആ പെണ്‍കുട്ടിയുടെ ധീരതയെ ബഹുമാനിക്കുകയെന്നതാണ്. നടിക്കുണ്ടായ ഈ ദൗര്‍ഭാഗ്യം ആരെയും ആഘോഷിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പതിവ് ഇംഗ്ലീഷ് മീഡിയം തമാശകള്‍ ഈ പോസ്റ്റില്‍ വേണ്ടെന്ന് പറഞ്ഞാണ് പൃഥ്വിരാജ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

റിമ കല്ലിങ്കല്‍

നടിക്കുണ്ടായ ദുരനുഭവം പുറത്ത് വന്നതിന് പിന്നാലെ കഥകള്‍ മെനഞ്ഞ കൈരളി പീപ്പിള്‍ വാര്‍ത്താ ചാനലിനു നേരെ ആയിരുന്നു നടി റിമ കല്ലിങ്കലിന്റെ രോക്ഷം. സ്വന്തം ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് രാജിവയ്ക്കണമെന്നായിരുന്നു റിമയുടെ നിര്‍ദേശം. ഒരു പെണ്ണ് തന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നുവെന്നും റിമ ചോദിച്ചു.

ദുല്‍ഖര്‍

കൊടിയ ഒരു ആക്രമണത്തിന് വിധേയയായ ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഞാന്‍ ഇന്നലെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുക എളുപ്പമാണ്. എന്നാല്‍ ഇതില്‍ നമ്മുടെ ഉള്ളിലെ യഥാര്‍ഥവികാരം പ്രതിഫലിക്കുമോ എന്ന് സംശയമാണ്. ഈ സംഭവം ഇതിലെല്ലാം അപ്പുറത്താണ്. അതെന്നെ അസ്വസ്ഥനാക്കുകയും ഭയപ്പെടുത്തുകയും ഉള്ളുലയ്ക്കുകയും ചെയ്തുകളഞ്ഞു. നമ്മുടെ സംസ്ഥാനത്തിലും ഇവിടുത്തെ സുരക്ഷിതാവസ്ഥയിലും സ്ത്രീകളോടുള്ള മാന്യമായ പെരുമാറ്റത്തിലുമെല്ലാം അഭിമാനം കൊള്ളുന്ന ഒരാളായിരുന്നു ഞാന്‍. ഒരൊറ്റ ദിവസം കൊണ്ട് അതെല്ലാം തകര്‍ന്നുതരിപ്പണമായിരിക്കുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.

ഇവള്‍ ഒരാളുടെ മകളാണ്. ഒരാളുടെ സഹോദരിയാണ്. ആരുടെയോ ബന്ധുവാണ്. സിനിമാപ്രേമികള്‍ക്കുവേണ്ടി എത്രയോ മനോഹരമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നവളാണ്. പൊയ്മുഖമണിഞ്ഞ് ഒളിച്ചിരിക്കുന്ന ഈ നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പോലീസ് പിടികൂടണമെന്നാണ് എന്റെ ആഗ്രഹം. എന്റെ പ്രാര്‍ഥന. പ്രായഭേദമന്യേയുള്ള എല്ലാ പുരുഷന്മാരോടും ജാഗൂകരാവാന്‍ അഭ്യര്‍ഥിക്കുകയാണ് ഞാന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സിനിമാ ലോകവും. സ്ത്രീകളെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലും പരിചരിക്കുന്നതിലും നമുക്കെല്ലാം തുല്ല്യമായ ഉത്തരവാദിത്വമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

നിവിന്‍ പോളി

നീ പ്രതികരിച്ചതും ചങ്കുറപ്പോടെ നിന്നതും നിനക്കു വേണ്ടി മാത്രമല്ല, ഈ നാട്ടിലുള്ള ഓരോ സത്രീകള്‍ക്കും വേണ്ടിയാണെന്ന് നിവിന്‍ പറയുന്നു. ഇത്തരമൊരു ഭീകരമായ അനുഭവത്തിന് സാക്ഷിയായ താരം ഒന്നും മറയ്ക്കാതെ തന്റേടത്തോടെ നേരിടാന്‍ മുന്നോട്ട് വന്ന നടിയുടെ നമുക്ക് എല്ലാവര്‍ക്കും നില്‍ക്കാം.

പൊലീസ് ഉടന്‍ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നിവിന്‍ പറഞ്ഞു.

മേജര്‍ രവി

ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ നാളെ നമ്മുടെ സഹോദരിമാര്‍ക്കും ഇങ്ങനെയുണ്ടാവും. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്ത നിയമവ്യവസ്ഥയോട് ലജ്ജ തോന്നുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്‌വരെ സിനിമാ സമൂഹം ഒന്നടങ്കം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം. അവിടെ രാഷ്ട്രീയമോ ജാതിയോ ഒന്നും തടസമാവരുത്. നടിയും അവരെ പോലുള്ളവരും നമ്മുടെ സഹോദരിമാരാണ്. നിന്നോടൊപ്പം ഞങ്ങളുണ്ട്. ദൈവം നിന്നെ അനുഗ്രഹിക്കും. എന്നാണ് സംവിധായകന്‍ മേജര്‍ രവിയുടെ പോസ്റ്റില്‍ പറയുന്നത്.

‘മാര്‍ട്ടിന്‍, പള്‍സര്‍ സുനി നീയൊക്കെ ആണ്‍പിള്ളേരോടു കളിക്കണ്ട. പൊലീസ് പിടിക്കുന്നതിന് മുന്പ് ആണ്‍പിള്ളേരുടെ കൈയില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോടാ. ഇതൊരു ചങ്കൂറ്റമുള്ള പട്ടാളക്കാരനാ പറയുന്നത്. ഇനി നീയൊന്നും ഞങ്ങളുടെ അമ്മ പെങ്ങന്മാരെ നോക്കാന്‍ പോലും ധൈര്യപ്പെടില്ല’. മേജര്‍ രവി പറഞ്ഞു.

അനൂപ് മേനോന്റെ കൂട്ടുകാരി എന്ന് തുടങ്ങുന്ന പോസ്‌ററ് ഇങ്ങനെയാണ്

കൂട്ടുകാരീ,

നീ എന്നും ഒരു നിറഞ്ഞ ചിരിയാണ്. അരികില്‍ നില്‍ക്കുന്നവരിലേക്കെല്ലാം പടരുന്ന ഒരു ചിരി. ജീവിതം എത്ര സുന്ദരമാണെന്ന് തോന്നി പോകുന്ന ചിരിയുടെ, സന്തോഷത്തിന്റെ മുഖമാണ് നീ. വെള്ളിയാഴ്ച ജോലിയ്ക്കായ് ഇറങ്ങിത്തിരിക്കുമ്പോള്‍ കാറുമായി കാത്തു നിന്ന ഡ്രൈവര്‍ക്കും നീ ആ ചിരി സമ്മാനിച്ചിട്ടുണ്ടാകും.

മഹാനഗരത്തിലേക്കുള്ള യാത്രയില്‍ അകലുന്ന രാവെട്ടങ്ങള്‍ക്കെല്ലാം ചിരി നീ പകര്‍ന്നിട്ടുണ്ടാകും. പിന്നീടെപ്പോഴോ നിന്റെ കാറിനുള്ളിലേക്ക് മദം തിളച്ചു കയറിയ മൃഗങ്ങള്‍ക്ക് മുന്നിലും ആദ്യം നീ ചിരിച്ചിട്ടുണ്ടാകും. നിന്റെ ചിരി മായ്ച്ചവര്‍ക്ക് ഒരു കോടതിയിലും ഒരു മനസ്സിലും മാപ്പില്ല.

പക്ഷേ അതിനും മുകളില്‍ ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിയ്ക്കും നിന്നോട് നന്ദി പറയാനുണ്ടാകും.മൗനത്തിന്റെ മറയില്‍ ഒളിക്കാത്തതിനും നിനക്കെന്നും പ്രിയപ്പെട്ട നിന്റെ ധൈര്യത്തിനും

ഭാമ

സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നു. നടിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. നമ്മളെല്ലാവരും ജാഗരൂഗരായി ഇരിക്കേണ്ടിയിരിക്കുന്നുവെന്ന് നടി ഭാമ പറയുന്നു.

ഇത്തരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. നടിമാര്‍ ഇത്തരം സംഭവങ്ങള്‍ നാണക്കേടുകൊണ്ട് പുറത്ത് പറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം എന്തായാലും യാഥാര്‍ഥ്യം പുറത്തു വരട്ടെ. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പരാമര്‍ശിച്ചു.

ഇന്നസെന്റ്

അമ്മയുടെ പൂര്‍ണ്ണ പിന്തുണയും ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ച് ഇന്നസെന്റും രംഗത്തുവന്നു
നമ്മിലൊരാള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ അത്യന്തം നീചമായ ആക്രമണം മനസിലേല്‍പ്പിച്ച നീറ്റല്‍ വിട്ടുമാറുന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഞങ്ങളുടെ മകളാണ്; സഹോദരിയാണ്. കുറ്റവാളികള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടണം. ഇതിനായി മനുഷ്യര്‍ മുഴുവന്‍, കേരളം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടാകണം. ‘അമ്മ’യും ചലച്ചിത്ര പ്രവര്‍ത്തകരും ഹൃദയം കൊണ്ട് അവരോട് ചേര്‍ന്നു നില്‍ക്കുന്നു.

ഏവരെയും ഞെട്ടിച്ച ആക്രമണം നടന്ന ദിവസം പുലര്‍ച്ചെയാണ് എനിക്ക് വിവരം ലഭിക്കുന്നത്. ഉടനെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, ഡി.ജി.പി ശ്രീ. ലോകനാഥ് ബെഹ്‌റ എന്നിവരെ നേരില്‍ ബന്ധപ്പെട്ടു. സത്വര നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് ഞങ്ങള്‍ ഇക്കാര്യത്തില്‍ തുടര്‍ന്ന് ഇടപെട്ടത്.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു ദയയുമില്ലാതെ കര്‍ശനമായി നേരിടുക തന്നെ വേണം. പോലീസ് അന്വേഷണം ശരിയായി മുന്നേറുന്നുണ്ട്. നിരന്തരം ഇക്കാര്യങ്ങള്‍ ഞങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ മകളോട്, സഹോദരിയോട് ഈ ക്രൂരത ചെയ്തവരോട് ഒന്നേ പറയാനുള്ളൂ. പരാജയം നിങ്ങളുടേത് മാത്രമാണ്. അവള്‍ തോറ്റു കൊടുക്കാതെ നില്‍ക്കും; എക്കാലവും. എന്നും ഇന്നസെന്റ് പറയുന്നു

വിനീത് ശ്രീനിവാസന്‍

സംഭവത്തെകുറിച്ച് വിനീത് ശ്രീനിവാസന്‍ പരാമര്‍ശിക്കുന്നതിങ്ങനെ…
അച്ഛന്‍ അമ്മയോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നത് കണ്ട്, ‘നീ വെറും പെണ്ണ് ‘ എന്ന ചിന്തയില്ലാതെ വളരുന്ന ഒരു തലമുറ ഇവിടെയുണ്ടാവണം. ഉത്തരവാദിത്തം നമ്മള്‍ ഓരോരുത്തര്‍ക്കുമുണ്ട്.

Top