വനിതാ സംവിധായകർക്ക് പ്രോത്സാഹനവുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ

സിനിമ മേഖലയിൽ നിലയുറപ്പിക്കാൻ ഒരുങ്ങുന്ന വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സിനിമയുടെ ചിത്രീകരണം കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു. ‘ഡൈവോഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിനി ആണ് സംവിധാനം ചെയ്യുന്നത്. മാർച്ചിൽ സ്വിച്ചോൺ കർമം നടത്തിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മൂലം മാറ്റി വെച്ചിരിക്കുകയായിരുന്നു.

കോവിഡ് മഹാമാരിയുടെ കാലത്ത് ചലച്ചിത്ര രംഗത്തുള്ളവർ ജോലിയില്ലാതെ വിഷമിക്കുമ്പോൾ ചിത്രീകരണം തുടങ്ങാൻ സാധിച്ചത് വളരെ നല്ല കാര്യമാണ് എന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോക്കും പുറത്തുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കും. വിനോദ് ഇല്ലമ്പള്ളി ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

വനിതാ സംവിധായകരരെ പ്രോത്സാഹിപ്പിക്കാനായി ഒരാൾക്ക് സിനിമ നിർമ്മിക്കുന്നതിന് ഒന്നര കോടി രൂപ വീതമാണ് സർക്കാർ നൽകുന്നത്. ഇതിനായി എഴുപതോളം തിരക്കഥകൾ ലഭിച്ചിരുന്നു. അതിൽ നിന്നും രണ്ടു പേരെ തെരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ ചിത്രീകരണം തുടരുന്ന ഡിവോഴ്സ് എന്ന ചിത്രം കൂടാതെ താരാ രാമാനുജത്തിന്റെ ‘നിഷിധോ’ ആണ് ചിത്രീകരണം തുടങ്ങാനിരിക്കുന്ന രണ്ടാമത്തെ ചിത്രം.

Top