ഷെയ്ന്‍ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ചേംബര്‍ അറിയിച്ചു. സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും ഫിലിം ചേബര്‍ തീരുമാനിച്ചു.

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയത്.

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണെന്നും ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയതെന്നും പറഞ്ഞുള്ള കുറിപ്പാണ് താരം തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു എന്നും താരം കുറിച്ചു. താരസംഘടനയായ അമ്മയുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ഷെയ്ന്‍ അറിയിച്ചു.

ഈ മാസം 19 ന് ചേരുന്ന നിര്‍മ്മാതാക്കളുടെ സംഘടന എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അമ്മയുടെ തുടര്‍ നിലപാട്. ഈ മാസം 22 ന് ചേരുന്ന അമ്മ എക്‌സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ച ചെയ്യും.

Top