ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; ഉറപ്പു ലഭിച്ചതായി എന്‍എസ് മാധവന്‍

കൊച്ചി: ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി എഴുത്തുകാരൻ എൻഎസ് മാധവൻ. ഇതിനു കേരള ഫിലിം ചേംബറിനു നന്ദി പറയുന്നതായും മാധവൻ ട്വിറ്ററിലൂടെ അറിയിച്ചു.

ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതിൽ ദുഃഖമുണ്ടെന്ന് നേരത്തെ മാധവൻ പറഞ്ഞിരുന്നു. കൊളംബിയയുടെ ഗോളിയായിരുന്ന ഹിഗ്വിറ്റയെ പരാമർശിച്ച് ആ പേരിൽ താൻ എഴുതിയ കഥ ചൂണ്ടിക്കാട്ടിയായിരുന്നു മാധവന്റെ എതിർപ്പ്. ഇക്കാര്യത്തിൽ മാധവനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. ഇതിനിടയിലാണ് ഫിലിം ചേംബറിന്റെ ഇടപെടൽ.

ഈ പേരുമായി മുന്നോട്ടുപോവുന്നതിന് മാധവന്റെ അനുമതി വേണമെന്ന് ഫിലിം ചേംബർ നിർദേശിച്ചതായാണ് സൂചന.  ഹേമന്ദ് നായരുടെ സിനിമയ്ക്ക് എല്ലാ വിജയാശംസയും നേരുന്നതായി മാധവൻ ട്വീറ്റിൽ പറഞ്ഞു. അതേസമയം ചേംബറിന്റെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് സംവിധായകൻ ഹേമന്ദ് നായർ പ്രതികരിച്ചു.

Top