‘അമ്പിളി’യ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ആഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്‌തേക്കും

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ‘അമ്പിളി’ ആഗസ്റ്റ് ഒമ്പതിന് റിലീസിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സൗബിന്‍ ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി. പുതുമുഖ താരം തന്‍വി റാം ആണ് നായിക. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള കുടുംബ ചിത്രമാണ് അമ്പിളിയെന്നാണ് പ്രാഥമിക സൂചന. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍.

Top