കൊവിഡ് ബാധിച്ച് ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ചികിത്സയിലായിരുന്ന ഫിലീപ്പീന്‍സ് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശവും വൃക്കയും തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവില്‍ മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്,ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി.ഇന്നലെ മാത്രം രാജ്യത്ത് 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇന്നലെ 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 14 പേര്‍ മുംബൈയിലാണ്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ മൂന്ന് മരണമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ കേരളമാണ്. ഇവിടെ 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു.

Top