ഡല്‍ഹി ഭരിക്കാന്‍ കെജ്രിവാളും പുറത്തെടുത്തു ആ വജ്രായുധം; ഹിന്ദുത്വം തന്നെ ശരണം!

2015 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചാണ് ആം ആദ്മി പാര്‍ട്ടിയും, അരവിന്ദ് കെജ്രിവാളും പ്രചരണ പോരാട്ടം നയിച്ചത്. എഴുപതില്‍ 67 സീറ്റുകളുമായി കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തുകയും ചെയ്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി ഇതേ തന്ത്രം പിന്തുടര്‍ന്നു. ഭരണവിരുദ്ധ വികാരം ഒഴിവാക്കി ഭരണം നിലനിര്‍ത്താന്‍ നരേന്ദ്ര മോദി പരിശ്രമിച്ചപ്പോള്‍ ആം ആദ്മി കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാം സ്ഥാനത്തായി. 18 ശതമാനം വോട്ട് വിഹിതവുമായി മൂന്നിടത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും പോയി!

ഇതോടെയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിലെ തന്ത്രം മാറ്റേണ്ടി വരുമെന്ന് ആം ആദ്മിയും, കെജ്രിവാളും തിരിച്ചറിഞ്ഞത്. 57 ശതമാനം വോട്ടാണ് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള പോരിന് കാരണം പ്രധാനമന്ത്രി മോദിയാണെന്ന് കുറ്റപ്പെടുത്തിയ കെജ്രിവാള്‍ ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, എഎപി അംഗങ്ങളുടെ റെയ്ഡിനും മോദിയെ കുറ്റപ്പെടുത്തി പോന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ച കെജ്രിവാള്‍ നോട്ട് നിരോധനത്തെ ചോദ്യം ചെയ്യുകയും, ഹിന്ദുത്വ രാഷ്ട്രീയം പ്രയോഗിക്കുന്നതായും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി.

പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കെജ്രിവാള്‍ ആളാകെ മാറി. പ്രധാനമന്ത്രി മോദിയെ എതിര്‍ക്കുന്നത് വഴി ദേശവിരുദ്ധനും, ഹിന്ദു വിരുദ്ധനുമായി മാറുകയാണെന്ന് പാര്‍ട്ടി അവലോകനം നടത്തി. പ്രത്യേകിച്ച് മുസ്ലീം, ദളിത്, വലിയ തോതില്‍ മധ്യവര്‍ഗ്ഗക്കാരും തങ്ങളെ വിട്ട് കോണ്‍ഗ്രസിനും, ബിജെപിക്കും പിന്തുണ നല്‍കിയതായി ആഭ്യന്തര പരിശോധനയില്‍ തെളിഞ്ഞതോടെയാണ് കെജ്രിവാളും സംഘവും ഹിന്ദു വ്യക്തിത്വം പുറത്തെടുത്തത്.

പ്രധാനമന്ത്രി മോദിയുടെ ഹിന്ദു അജണ്ടയെ ചോദ്യം ചെയ്ത കെജ്രിവാളിന്റെ ട്വീറ്റുകളിലും, എഎപിയുടെ ട്വീറ്റിലും പൂജ ചെയ്യുന്ന ചിത്രങ്ങളും വന്നുനിറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി തീര്‍ത്ഥയാത്രാ സ്‌കീമിനും ഡല്‍ഹി സര്‍ക്കാര്‍ തുടക്കം കുറിച്ചു. മോദിക്ക് എതിരെ നേരിട്ടുള്ള പ്രത്യാക്രമണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ കെജ്രിവാള്‍ പൗരത്വ നിയമത്തില്‍ പോലും വലിയൊരു സമയവും നിശബ്ദത പുലര്‍ത്തി. തന്റെ പാര്‍ട്ടിക്കാര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടുമ്പോഴും ജനകീയ പദ്ധതികള്‍ക്ക് പിന്നാലെയാണ് ഡല്‍ഹി മുഖ്യന്‍.

Top