പഞ്ച്ശീറില്‍ താലിബാനും വടക്കന്‍ സഖ്യവുമായി പോരാട്ടം രൂക്ഷം

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച രാത്രി താലിബാന്‍ പോരാളികളും താലിബാന്‍വിരുദ്ധ ഗ്രൂപ്പും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ ആധിപത്യം താലിബാന്‍ ഏറ്റെടുത്തതു മുതല്‍ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞദിവസം പ!ഞ്ച്ശീറിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 40 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. പഞ്ച്ശീറില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാന്‍ കാബൂള്‍ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്.

അതിനിടെ പുതിയ സര്‍ക്കാറില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങി. താലിബാന്‍ സഹ സ്ഥാപകന്‍ മുല്ല ബരാദറാകും സര്‍ക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുന്‍സാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകന്‍ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാന്‍ നേതാക്കള്‍ സര്‍ക്കാറിന്റെ ഭാഗമാകും.

Top