കണ്ണൂരിൽ തീ പാറുന്ന പോരാട്ടം,സുധാകരൻ വീണാൽ,രാഷ്ട്രീയ ഭാവി തന്നെ ത്രിശങ്കുവിലാകും

ത്തവണ വാശിയേറിയ മത്സരം നടക്കുന്ന നിരവധി ലോകസഭ മണ്ഡലങ്ങള്‍ ഉണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും സ്പെഷ്യലാണ് കണ്ണൂര്‍ മണ്ഡലം. സിപിഎം കോട്ടയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന ജില്ലയാണ് കണ്ണൂര്‍. ഇവിടെ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാറുണ്ടെങ്കിലും അതൊന്നും കണ്ണൂരിലെ ചുവപ്പിന്റെ പകിട്ടിനെ ബാധിക്കാറില്ല. ജില്ലയിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. എം.എല്‍.എമാരുടെ എണ്ണത്തിലും മുഖ്യ മേധാവിത്വമാണ് ഇടതുപക്ഷത്തിനുള്ളത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്,ഇരിക്കൂര്‍ അഴീക്കോട്,കണ്ണൂര്‍,ധര്‍മ്മടം,മട്ടന്നൂര്‍,പേരാവൂര്‍ എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂറും മാത്രമാണ് കോണ്‍ഗ്രസ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഏറെക്കാലം കൈവശം വച്ചിരുന്ന കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ പോലും സി. പി.എം പിന്തുണയില്‍ ഇടതു സഖ്യകക്ഷിയായ കോണ്‍ഗ്രസ് സെക്കുലറാണ് ജയിച്ചിരിക്കുന്നത്. ബാക്കിയെല്ലാ മണ്ഡലങ്ങളില്‍ നിന്നും സിപിഎം എംഎല്‍എമാരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നല്‍കിയ കരുത്തുമായാണ് 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടുന്നത്. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ എം.വി ജയരാജന്‍ കളത്തില്‍ ഇറങ്ങിയതോടെ മുന്‍ തീരുമാനം മാറ്റി കെ.സുധാകരനും മത്സരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എം.വി ജയരാജനോട് മുട്ടാന്‍ കെ.സുധാകരന് ആത്മവിശ്വാസ കുറവ് ഉണ്ടായിരുന്നെങ്കിലും മണ്ഡലം കൈവിട്ടു പോകുമെന്ന ഭയത്തില്‍ കെ.പി.സി.സിയും-എ.ഐ.സി.സിയും നിര്‍ബന്ധിച്ചതോടെ സുധാകരന്‍ വഴങ്ങുകയാണ് ഉണ്ടായത്. എങ്കിലും 2019-ലെ വന്‍വിജയം ഇത്തവണ സുധാകരന്‍ ആവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ പ്രതിപക്ഷത്തു തന്നെ നല്ല സംശയമുണ്ട്.

2019-ലെ ഇമേജ് കെ.സുധാകരന് ഇപ്പോള്‍ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അനവസരത്തിലുള്ള പദപ്രയോഗവും മോന്‍സന്‍ മാവുങ്കല്‍ കേസുമെല്ലാം ശരിക്കും പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല കെ.പി.സി.സി അധ്യക്ഷന്‍ ആകുന്നതിനു മുന്‍പ് കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും സുധാകരന് കിട്ടിയിരുന്ന പരിഗണന അണികളും അനുഭാവികളും ഇപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കോണ്‍ഗ്രസ്സിന് കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാനുള്ള പേര് സുധാകരന്റേത് മാത്രമാണ്.

യു.ഡി.എഫിലെ സ്ഥിതി ഇതാണെങ്കില്‍ ഇടതുപക്ഷത്തെ സ്ഥിതി വ്യത്യസ്തമാണ്. അണികള്‍ക്കും അനുഭാവികള്‍ക്കും ഒരേസമയം സ്വീകാര്യനും ആവേശവുമാണ് എം.വി ജയരാജന്‍. മുന്‍കാലത്തേക്കാള്‍ നല്ല ഇമേജ് നിലവില്‍ കണ്ണൂരില്‍ ഈ കമ്യൂണിസ്റ്റിനുണ്ട്. പൊതുസമൂഹത്തിനിടയിലും മതിപ്പുള്ളതിനാല്‍ ഇത്തവണ എം.വിജയരാജന്‍ കണ്ണൂരില്‍ വിജയിക്കുമെന്നു തന്നെയാണ് സി.പി.എം നേതൃത്വം വിശ്വസിക്കുന്നത്.

1977-ല്‍ സിപിഐയിലെ സി.കെ ചന്ദ്രപ്പനായിരുന്നു ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നത്.
ഇതിന് ശേഷം 1980ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പു ലോക്‌സഭയിലെത്തി. 1984 മുതല്‍ പിന്നീട് അങ്ങോട്ട് അഞ്ചുവട്ടവും കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കണ്ണൂര്‍ മണ്ഡലത്തിലെ എംപി. എന്നാല്‍ എ പി അബ്ദുള്ളക്കുട്ടിയിലൂടെ സിപിഎം 1999ലും 2004ലും കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കുകയുണ്ടായി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 99-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ കേന്ദ്രീകൃത പ്രവര്‍ത്തനവും അബ്ദുള്ളക്കുട്ടിക്ക് ഗുണമായി മാറുകയാണ് ഉണ്ടായത്.

ഇതിനുശേഷം 2009 -ല്‍ കോണ്‍ഗ്രസിന്റെ കെ സുധാകരനാണ് കണ്ണൂരില്‍ നിന്നും വിജയിച്ചിരുന്നത്. 2014-ല്‍ ആകട്ടെ വീണ്ടും വിജയം സിപിഎമ്മിനായിരുന്നു. പി കെ ശ്രീമതിയാണ് ആ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. പിന്നീട് 2019ല്‍ രണ്ടാം തവണയും കെ സുധാകരന്‍ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. സുധാകരന്റെ ഈ വിജയത്തില്‍ ‘രാഹുല്‍ ഇഫക്ടും’ വലിയ പങ്കാണ് വഹിച്ചിരുന്നത്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കെ സുധാകരനും സിറ്റിംഗ് എംപി പി കെ ശ്രീമതി ടീച്ചറും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നിരുന്നത്. സി കെ പദ്മനാഭമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ സുധാകരന്‍ 9,4559 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. കെ സുധാകരന് 52,9741 വോട്ടുകളും പി കെ ശ്രീമതിക്ക് 43,5182 വോട്ടും സി കെ പദ്മനാഭന് 68,509 ഉം വോട്ടുകളുമാണ് 2019-ല്‍ ലഭിച്ചിരുന്നത്. യു.ഡി.എഫ് വിജയിച്ച ലോകസഭ മണ്ഡലങ്ങളിലെ ഭൂരിപക്ഷം വച്ചു നോക്കുമ്പോള്‍ ഇതില്‍ വലിയ പുതുമയൊന്നും കാണാന്‍ സാധിക്കുകയില്ല. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചതും പ്രധാനമന്ത്രിയാകുമെന്ന പ്രചരണവുമാണ് കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ ട്രന്റ് സെറ്റ് ചെയ്യപ്പെടാന്‍ കാരണമായിരുന്നത്. എന്നാല്‍ 2024-ല്‍ സ്ഥിതി അതല്ല. ഇപ്പോള്‍, രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയൊന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമല്ല. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിന് ഇത്തവണ ഇടതുപക്ഷവും വലിയ പ്രാധാന്യം നല്‍കുന്നില്ല.

ഈ പശ്ചാത്തലത്തില്‍ 2024ല്‍ ഒരിക്കല്‍ക്കൂടി കെ സുധാകരന്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമായി കണ്ണൂരില്‍ മത്സരത്തിറങ്ങുമ്പോള്‍ ജയം എളുപ്പമല്ല. കടുത്ത വെല്ലുവിളി തന്നെയാണ് കണ്ണൂരില്‍ സുധാകരന്‍ ഇപ്പോള്‍ നേരിടുന്നത്. സി.രഘുനാഥാണ് ഇക്കുറി കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെങ്കിലും മുന്‍ ചരിത്രം വച്ചുനോക്കിയാല്‍ യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കണ്ണൂരില്‍ ഇത്തവണയും നടക്കുന്നത്. പോരാളികളുടെ നാടായ കണ്ണൂരില്‍ ഇത്തവണ സുധാകരന് അടിതെറ്റിയില്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയ ദുരന്തമായാണ് മാറുക.

EXPRESS KERALA VIEW

 

Top