ഹൃത്വിക്കും ദീപികയും ഒന്നിക്കുന്ന ‘ഫൈറ്റർ’; ആദ്യ ഗാനം ഹിറ്റ് ചാര്‍ട്ടില്‍

ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഹൃത്വിക് റോഷന്‍ നായകനാവുന്ന ഫൈറ്റര്‍. പഠാന്‍ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ഒരു ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായി പ്ലാന്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രവുമാണിത്. രണ്ടാഴ്ച മുന്‍പെത്തിയ ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷകപ്രീതിയാണ് നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഇഷ്ക് ജൈസാ കുച്ച് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍- ശേഖര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവരും ഒപ്പം ശില്‍പ റാവുവും മെല്ലോ ഡിയും ചേര്‍ന്നാണ്. അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ്, സഞ്ജീവ് ജെയ്‍സ്‍വാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കാണാത്ത തരം ഏരിയല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് ടീസര്‍ നല്‍കിയ പ്രതീക്ഷ.

സച്ചിത് ഹൗലോസ് ആണ് ഛായാഗ്രാഹകന്‍. സിദ്ധാര്‍ഥ് ആനന്ദും റമണ്‍ ചിബും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥാരചന. തിരക്കഥ റമണ്‍ ചിബ്, സംഭാഷണം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് രജത് പൊഡ്ഡാര്‍, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വല്‍ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈന്‍ ആന്‍‍ഡ് ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാര്‍ഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മംമ്ത ആനന്ദ്, റമണ്‍ ചിബ്, അങ്കു പാണ്ഡെ, കെവിന്‍ വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റര്‍ നിര്‍മ്മിക്കുന്നത്. ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top