ലേക് പാലസ് ; ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെച്ചൊല്ലി ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

എല്‍ഡിഎഫ് അംഗങ്ങളാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്.

ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതിനെതിരെ കഴിഞ്ഞ ദിവസം തന്നെ ഇടത് അനുകൂല സര്‍വ്വീസ് സംഘടനകള്‍ പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു.

സസ്‌പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ഭരണപക്ഷം ഉറച്ചുനിന്നു.

സസ്‌പെന്‍ഷന്‍ തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരും നഗരസഭയുടെ നടുത്തളത്തിലിറങ്ങി.

പ്രതിഷേധം രൂക്ഷമാവുന്നതിനിടെ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് സസ്‌പെന്‍ഷന്‍ തീരുമാനം പുന:പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് പ്രശ്‌നം കയ്യാങ്കളിയിലെത്തിയത്.

പ്രതിഷേധത്തിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യു.ഡി.എഫ് കൗണ്‍സിലറായ മോളി ജേക്കബിനെ മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുണ്ട്‌.

ഇതിനിടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ബോട്ട് ജെട്ടിയിലുള്ള ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തു.

Top