അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്: ബംഗാളിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയത് 5.6 ശതമാനം പോളിംഗാണ്. അതേസമയം, പശ്ചിമ ബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിവെപ്പിൽ കൂഛ്ബിഹാറിൽ നാല് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 1.3 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും.

കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ വേണം വോട്ടെടുപ്പ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. സിലിഗുഡി മേയറും, ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബിജെപി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം ഇന്ന് ജനവിധി തേടുന്നു.

പ്രചാരണ സമയം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും, അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും.

Top