കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ചാം പ്രതി പിടിയില്‍

കൊച്ചി: കലൂര്‍ കത്രക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ചാം പ്രതി പിടിയില്‍. കൊച്ചി കളമശ്ശേരി സ്വദേശി മനുവിനെയാണ് പൊലീസ് പിടികൂടിയത്. ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷന്‍ സംഘത്തിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കളമശ്ശേരിയില്‍ നിന്നാണ് ഇയാളെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മനു. മുന്‍പ് പിടിയിലായ സമീര്‍, വിജയ്, ദില്‍ഷന്‍ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. നോര്‍ത്ത് പൊലീസ്, ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഞായര്‍ രാത്രി പതിനൊന്നരയോടെയാണ് നഗര മധ്യത്തിലെ ബാറില്‍ വെടിവയ്പുണ്ടായത്. ക്ലോസിംഗ് സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ നാലംഗസംഘം ആദ്യം ബാര്‍ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഇവിടേയ്‌ക്കെത്തിയ ജീവനക്കാര്‍ ആക്രമണം ചെറുത്തതോടെ ഇവരില്‍ ഒരാള്‍ തോക്കെടുത്ത് ക്ലോസ് റേഞ്ചില്‍ ജീവനക്കാരായ അഖില്‍നാഥ്, സുജിന്‍ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്.

Top