പതിനഞ്ചാം കേരള നിയമസഭാ സമ്മേളനം ആഗസ്റ്റ് ഏഴ് മുതല്‍

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് മുതല്‍. പ്രധാനമായും നിയമനിര്‍മാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവസമാണ് സമ്മേളനം ചേരുക. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും. 24ന് സമ്മേളനം അവസാനിക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ സഭയില്‍ അംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തും. അതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തിയ്യതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21 തിങ്കളാഴ്ച നടത്തും.

മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നത് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി നിര്‍ദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ഈ സമ്മേളനത്തില്‍ വരും. ആഗസ്ത് 14നും 15നും സഭ ചേരില്ല.

Top