ന്യൂഡല്‍ഹി: മകളുടെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പതിനഞ്ച് വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടം വിജയം കണ്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് വിശ്വനാഥന്‍ എന്ന പിതാവ് വിട പറയുന്നത്. മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എം കെ വിശ്വനാഥന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിശ്വനാഥന്റെ അന്ത്യം, വിധി വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ്.
2008 ല്‍ 26-ാം വയസില്‍ പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ട ആ രാത്രിയോടെ വിശ്വനാഥന്റെ ജീവിതം മാറിമറിഞ്ഞു. തുടര്‍ന്നുള്ള 15 വര്‍ഷക്കാലം കേസിന്റെ തുടര്‍നടപടികളും മറ്റുമായി പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുകയായിരുന്നു വിശ്വനാഥനും മാധവിയും. മകളെ നഷ്ടപ്പെട്ട 2008ല്‍ 65 വയസ്സായിരുന്നു വിശ്വനാഥന്. ഭാര്യ മാധവിക്കും 60 പിന്നിട്ടിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 25നാണ് വിചാരണക്കോടതി പ്രതികളുടെ വിധിച്ചത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേത്തിക്ക് മൂന്ന് വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.വിധി പറയുന്നതിന് ദിവസങ്ങള്‍ മുന്‍പ് വിശ്വനാഥന്‍ ആശുപത്രിയിലായെങ്കിലും പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിക്കുന്ന ദിവസം വരെയും പിന്നീട് ഹര്‍ജികള്‍ പരിഗണിച്ച ദിവസവുമെല്ലാം ഭാര്യക്കൊപ്പം അദ്ദേഹം കോടതിയിലെത്തി. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച ദിവസം കോടതിയില്‍ നിശബ്ദനായി തല കുനിച്ചിരുന്ന വിശ്വാനാഥനെയാണ് കണ്ടത്. വിധി പറയുന്ന ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
സംഭവസമയത്ത് കൊലയാളി സംഘത്തിലുണ്ടായിരുന്ന നാലുപേരും മദ്യലഹരിയിലായിരുന്നു. ഒന്നാം പ്രതിയായ രവി കപൂറാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഗണ്‍ ആര്‍ കാറോടിച്ചിരുന്നത്. പുലര്‍ച്ചെ മദ്യലഹരിയില്‍ കാറില്‍ പോകുന്നതിനിടെയാണ് ഒരു മാരുതിസെന്‍ കാര്‍ ഇവരെ മറികടന്ന് പോയത്. സൗമ്യ വിശ്വനാഥന്റെ വാഹനമായിരുന്നു അത്. തങ്ങളെ മറികടന്നുപോയ സെന്‍ കാറില്‍ കാറോടിക്കുന്ന യുവതി മാത്രമേയുള്ളൂ എന്ന് മനസിലാക്കിയ പ്രതികള്‍ ഈ കാറിനെ പിന്തുടര്‍ന്ന് സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു.മകളുടെ മരണത്തിന് ശേഷം പ്രതീക്ഷ വറ്റിപ്പോയ ദിവസങ്ങളെ വിശ്വനാഥനും ഭാര്യ മാധവിയും വീണ്ടെടുത്തത് നീതിന്യായ പീഠങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെയാണ്. ആ പോരാട്ടത്തിന് സമാനതകളില്ല. മകളുടെ 41ാം ജന്മദിനം കൂടിയായ ഡിസംബര്‍ പത്തിനാണ് വിശ്വനാഥന്‍ അന്തരിച്ചത്.