യുറഗ്വായ് പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സ് നേടുമോ? റഷ്യന്‍ മാമാങ്കത്തിന്റെ തിരശ്ശീല വീണ്ടും ഉയരുന്നു . .

നിഷ്‌നി: റഷ്യന്‍ കാല്പ്പന്ത് മാമാങ്കത്തിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് നിഷ്‌നിയില്‍ തിരശ്ശീല ഉയരുന്നു. രാത്രി 7.30-നാണ് ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.

ലോക ചാമ്പ്യന്‍മാരായിരുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് ആദ്യ ഏറ്റുമുട്ടല്‍ എന്നത് ആരാധകരെ ത്രസിപ്പിക്കുന്നു. ഫ്രാന്‍സ് അല്ലെങ്കില്‍ യുറഗ്വായ്, രണ്ടില്‍ ഒരാള്‍ ഈ രാവില്‍ റഷ്യവിട്ട് പോകേണ്ടിവരും.

ഫ്രാന്‍സ് ലോകകപ്പില്‍ ഇതുവരെ ഒരിക്കല്‍ മാത്രമേ കിരീടമുയര്‍ത്തിയിട്ടുള്ളൂ, 1998-ല്‍. അന്ന് കിരീടമുയര്‍ത്തുമ്പോള്‍ ക്യാപ്റ്റനായിരുന്ന ദിദിയര്‍ ദെഷാംപ്‌സ് ഇന്നും ടീമിന്റെ ഒപ്പമുണ്ട്. എന്നാല്‍ ഇന്ന് കളിക്കാരന്റെ റോളല്ല ദെഷാംപ്‌സിന് പകരം പരിശീലകന്റെ റോള്‍. ദെഷാംപ്‌സിന്റെ തന്ത്രങ്ങളിലാണ് ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷകള്‍.

എന്നാല്‍, പ്രതിരോധമാണ് ലോകകപ്പില്‍ യുറഗ്വായുടെ മുന്നേറ്റത്തിന് നിറം കൂട്ടുന്നത്. നാലു മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് യുറഗ്വായ്യുടെ പോസ്റ്റില്‍ ഗോള്‍ വീണതെന്നതും പ്രധാനമാണ്. എഡിന്‍സണ്‍ കവാനി- ലൂയി സുവാരസ് മുന്നേറ്റം മികവ് പുലര്‍ത്തിയാല്‍ ഫ്രാന്‍സിന് അടിപതറാതെ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടണം.

4-2-3-1 ശൈലിയിലാവും ഫ്രാന്‍സിനെ ദെഷാംപ്‌സ് ഇറക്കുക. ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും മുന്നേറ്റനിരയില്‍ ഒളിവര്‍ ജിറൂഡിനെത്തന്നെ നിലനിര്‍ത്തിയേക്കും. കൈലിയന്‍ എംബാപ്പെ, അന്റോയീന്‍ ഗ്രീസ്മാന്‍, കോറന്റിന്‍ ടൊളീസോ എന്നിവര്‍ മധ്യനിരയിലും, എന്‍ഗോള കാന്റെ, പോള്‍ പോഗ്ബ എന്നിവര്‍ക്കാകും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുമായിരിക്കും. ബെഞ്ചമിന്‍ പവാര്‍ഡ്, റാഫേല്‍ വരാനെ, സാമുവല്‍ ഉംറ്റിറ്റി, ലുക്കാസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കും. ഹ്യൂഗോ ലോറിസ് ഗോള്‍വലയം കാക്കും.

അതേസമയം, യുറഗ്വായെ പരിക്ക് കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. പോര്‍ച്ചുഗലിനെതിരേ പരിക്കേറ്റ എഡിന്‍സണ്‍ കവാനി കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. അവസാന നിമിഷം മാത്രമായിരിക്കും പരിശീലകന്‍ ഓസ്‌കര്‍ ടബരേസ് കവാനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. കവാനി കളിച്ചില്ലെങ്കില്‍ ലൂയി സുവാരസിനെ മാത്രം മുന്നേറ്റത്തില്‍ അണിനിരത്തി 4-3-2-1 ശൈലിയിലേക്ക് ടീം മാറും.

മധ്യനിരയില്‍ റോഡ്രിഗോ ബെന്റാകുര്‍, ജിയോര്‍ജിന്‍ അറസ്‌കേറ്റയും, മാത്യസ് വെസിനോ, ലുക്കാസ് ടൊറേറിയ, നാഥിയന്‍ നാന്‍ഡെസ് എന്നിവര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും, ഡീഗോ ലകസാല്‍റ്റ്, ഡീഗോ ഗോഡിന്‍, യോസെ ജിമിനെസ്, മാര്‍ട്ടിന്‍ കാസെറെസ് എന്നിവര്‍ പ്രതിരോധ നിരയിലും ഉണ്ടാകും. ഫെര്‍ണാണ്ടോ മുസലേരയാണ് യുറഗ്വായ് ഗോള്‍വലയുടെ കാവലാള്‍.

Top