ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാളെ രാത്രി അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിൽ വെച്ച് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്കാണ് മത്സരം. നാളെ രാത്രി നടക്കുന്ന മത്സരത്തിനായുള്ള ഒരുക്കങ്ങളെല്ലാം ഇന്ത്യൻ ടീം പൂർത്തിയാക്കി കഴിഞ്ഞിരിക്കുകയാണ്. സൗദിയിലെ അസീർ പ്രവിശ്യയിലെ അബഹയിലെ ദമക് സ്റ്റേഡിയമാണ് അഫ്ഗാനുമായുളള മത്സരത്തിനായുള്ള വേദി. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

2026 ഫിഫ ലോക കപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യൻ ടീം രണ്ടു ദിവസം മുന്നേ തന്നെ സൗദിയിലെത്തിയിരുന്നു. സൗദിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ടീമിനെ സജ്ജമാക്കുകയായിരുന്നു ലക്ഷ്യമെന്ന് കോച്ച് ഇഗർ സ്റ്റിമാക് പറഞ്ഞു. 23 അംഗ സംഘമാണ് അബഹയിൽ മത്സരത്തിനായി എത്തിയിരിക്കുന്നത്.

അഫ്ഗാനിൽ നടക്കേണ്ട മത്സരം വിവിധ കാരണങ്ങളാൽ സൗദിയിലേക്ക് മാറ്റുകയായിരുന്നു. സൗദിയിൽ ആദ്യമായെത്തുന്ന ഇന്ത്യൻ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരം കാണാനുള്ള ആവേശത്തിലാണ് മലയാളികൾ.

Top