‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റൻ കട്ടൗട്ട് നോക്കിനിൽക്കുന്ന ആരാധകൻറെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. നെയ്‌മർ ജൂനിയറിൻറെ ഒഫീഷ്യൽ വെബ്‌സൈറ്റിൻറെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ നെയ്‌മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അതേസമയം ഖത്തർ ഫിഫ ലോകകപ്പിൻറെ ക്വാർട്ടറിൽ പുറത്തായ ബ്രസീലിൻറെ സൂപ്പർ താരം നെയ്‌മറുടെ കരിയർ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്.

ബ്രസീൽ ടീമിൽ നെയ്‌മർ ജൂനിയർ തുടരുമെന്നാണ് ബ്രസീലിയൻ പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടറിലെ ഉള്ളുലയ്ക്കുന്ന തോൽവിക്ക് പിന്നാലെ ദേശീയ ടീമിൽ നിന്ന് പിന്മാറുമെന്ന സംശയം ഉയർത്തുന്നതായിരുന്നു നെയ്‌മർ ജൂനിയറിൻറെ ആദ്യ പ്രതികരണം.

അതേസമയം ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിൻറെ തോൽവി. എക്സ്ട്രാ ടൈമിലെ നെയ്മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിൻറെ ഇടവേളയിൽ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചർ ഗോൾ നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Top