ജേഡൺ സാഞ്ചോ പുറത്ത്; ഇംഗ്ലണ്ട് ഫുട്ബോള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ജേഡൺ സാഞ്ചോയെ ഒഴിവാക്കിയാണ് കോച്ച് ഗാരെത് സൗത്ഗേറ്റ് 26 അംഗ ടീം പ്രഖ്യാപിച്ചത്.

വമ്പൻ താരനിരയുമായാണ് വീണ്ടും ഇംഗ്ലണ്ട് ലോകകപ്പിലേക്ക് എത്തുന്നത്. ഇരുപത്തിയാറംഗ സംഘത്തെ ഹാരി കെയ്ൻ നയിക്കും. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ, മാർക്കസ് റാഷ്‌ഫോർഡ്, ബുക്കായോ സാക്ക, റഹീം സ്‌റ്റെർലിങ്, കല്ലം വിൽസൺ എന്നിവരാണ് മുന്നേറ്റനിരയിൽ ഹാരി കെയ്നൊപ്പമുള്ളത്. യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോർ കാല്ലഗർ, ജോർദാൻ ഹെൻഡേഴ്‌സൺ, മേസൺ മൗണ്ട്, കാൽവിൻ ഫിലിപ്‌സ്, ഡെക്ലാൻ റൈസ് എന്നിവരാണ് മധ്യനിരയിൽ. പ്രതിരോധത്തിൽ ട്രെൻറ് അലക്‌സാണ്ടർ അർണോൾഡ്, കോണോർ കോഡി, എറിക് ഡയർ, ഹാരി മഗ്വയർ, ലൂക്ക് ഷോ, ജോൺ സ്‌റ്റോൺസ്, കീറൺ ട്രിപ്പിയർ, കൈൽ വാക്കർ, ബെൻ വൈറ്റ് എന്നിവർക്ക് അവസരം കിട്ടി.

ജോർദാൻ പിക്ക്‌ഫോർഡ്, നിക്ക് പോപ്പ്, ആരോൺ റാംസ്‌ഡേൽ എന്നിവർ ഗോൾകീപ്പർമാരായും ടീമിലെത്തി. ജേഡൺ സാഞ്ചോയ്ക്കൊപ്പം ടാമി എബ്രഹാമിനും ഇവാൻ ടോണിയ്ക്കും ടീമിൽ ഇടം നേടാനായില്ല. പരിക്കിൻറെ പിടിയിലായ റീസ് ജെയിംസ് നേരത്തേ പുറത്തായിരുന്നു. റഷ്യൻ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളും യുറോ കപ്പ് റണ്ണേഴ്സ് അപ്പുമായ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉൾപ്പെട്ടിരിക്കുന്നത്. ഇറാൻ, അമേരിക്ക, വെയ്ൽസ് എന്നിവാണ് ഗ്രൂപ്പിലെ എതിരാളികൾ. നവംബർ 21ന് ഇറാനെയെതിരാണ് ആദ്യ മത്സരം.

Top