മെസി കപ്പുയർത്തുന്നത് കാണാനാണ് ഫിഫക്ക് ആഗ്രഹം; വിമർശനവുമായി ബ്രൂണോ ഫെർണാണ്ടസ്

ഫിഫക്കെതിരെ രൂക്ഷ വിമർശനവുമായി പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് രംഗത്ത്. മൊറോക്കോക്കെതിരായ തോൽവിക്ക് പിന്നാലെയാണ് വിമർശനവുമായി താരം എത്തിയത്. ഫിഫ അർജന്റീനക്ക് അനുകൂലമായി പെരുമാറിയെന്ന് ബ്രൂണോ ആരോപിച്ചു. കളിക്ക് ശേഷമുള്ള പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ബ്രൂണോയുടെ പരാമർശം.

കപ്പ് അർജന്റീനക്ക് നൽകാനാണോ അവരുടെ പദ്ധതിയെന്ന് എനിക്കറിയില്ല. നിലവിൽ ലോകകപ്പ് കളിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ളയാളാണ് ഞങ്ങളുടെ കളി നിയന്ത്രിക്കാൻ എത്തിയത്. റഫറി പക്ഷപാതിത്വപരമായാണ് പെരുമാറിയതെന്നും ബ്രൂണോ ആരോപിച്ചു. കഴിഞ്ഞ ദിവസത്തെ പോർച്ചുഗൽ-മൊറോക്കോ മത്സരം നിയന്ത്രിച്ചത് അർജന്റീനക്കാരനായിരുന്ന റഫറിയായിരുന്നു.

വമ്പൻ അട്ടിമറികളുമായി ആഫ്രിക്കയെ കാൽപന്തു ചരിത്രത്തിൽ തുല്യതകളില്ലാത്ത നേട്ടങ്ങളിലേക്ക് വഴി നടത്തിയാണ് ലോകകപ്പിൽ മൊറോക്കോ സെമിയിലേക്ക് പ്രവേശിച്ചത്. യൂസുഫ് അൽനസീരി എന്ന അതികായൻ മുന്നിലും അതി​ലേറെ കരുത്തോടെ യാസീൻ ബോനോ ഗോൾവലക്കരികിലും നയിച്ച വീരോചിത പ്രകടത്തിന്റെ കരുത്തിലാണ് പറങ്കിപ്പടയെ മൊറോക്കോ മുക്കിയത്.

ഇതോടെ ആഫ്രിക്കയിൽനിന്ന് ആദ്യമായി സെമിയിലെത്തുന്ന ടീമായി മൊറോക്കോ. ആദ്യ പകുതിയിൽ യൂസുഫ് അൽനസീരി നേടിയ ഏകഗോളാണ് ടീമിന് ലോകകപ്പ് അവസാന നാലിലേക്ക് ടിക്കറ്റുറപ്പിച്ചത്. എന്നാൽ, അഞ്ചാം ലോകകപ്പ് കളിച്ചിട്ടും ഒറ്റ തവണയും കിരീടമില്ലാതെ ക്രിസ്റ്റ്യാനോക്ക് മടക്കവും ഈ കളിയോടെ കുറിക്കപ്പെട്ടു.

Top