ഫിഫ അണ്ടര്‍-17 ലോകകപ്പ് അടുത്ത വര്‍ഷം; ആതിഥേയര്‍ ഇന്ത്യ തന്നെ

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെയാകും ടൂര്‍ണമെന്റ് നടക്കുകയെന്ന് ഫിഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ രണ്ടു മുതല്‍ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ചത്.

ആതിഥേയരായ ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഏഷ്യന്‍ മേഖലയിലെ യോഗ്യതാ മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ഏഷ്യയില്‍ നിന്ന് ജപ്പാനും ഉത്തര കൊറിയയുമാണ് ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങള്‍.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യയും മത്സരിക്കും. ആഫ്രിക്ക, യൂറോപ്പ്, ഒഷ്യാന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കരീബിയന്‍ മേഖലകളിലെ യോഗ്യതാ മത്സരങ്ങള്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ നടന്നിട്ടില്ല.

ഈ യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാണ് ശേഷിക്കുന്ന 13 ടീമുകളെ കണ്ടെത്തുക. കൊല്‍ക്കത്ത, ഭുവനേശ്വര്‍, നവി മുംബൈ, അഹമ്മദാബാദ്, ഗുവാഹത്തി എന്നിങ്ങനെ അഞ്ച് നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ 2003 ജനുവരി ഒന്നിന് ശേഷവും 2005 ഡിസംബര്‍ 31-ന് മുമ്പും ജനിച്ചവരായിരിക്കണം. ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലും പറഞ്ഞു.

Top