ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്; അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയില്ല

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തി ഫിഫ. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന അവസ്ഥയായി.

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതോടെ റദ്ദാക്കപ്പെട്ടു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്ക് ലഭിക്കാന്‍ കാരണം.

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാല്‍ വിലക്ക് റദ്ദാക്കും. അതുവരെ ഇന്ത്യ വിലക്കില്‍ തുടരും. എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തില്‍ ആക്കുകയാണ് മുന്നിലുള്ള വഴി.

Top