2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും

ദോഹ : ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക ലോഗോ പ്രദർശിപ്പിക്കും.

ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് പ്രകാശനം ചെയ്യുന്നത്. ഇന്ന് ഖത്തര്‍ സമയം രാത്രി 08.22ന് ദോഹ കോര്‍ണീഷിലെ ഖത്തറിന്റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം പ്രദര്‍ശിപ്പിക്കും. ആഗോളതലത്തിലുള്ള ഡിജിറ്റൽ പ്രകാശനമാണ് നിർവഹിക്കുന്നത്.

കത്താറ ആംഫി തീയറ്റര്‍, സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, ടോര്‍ച്ച് ടവര്‍ ദോഹ, ദോഹ ടവര്‍, സുബാറ ഫോര്‍ട്ട്, ആഭ്യന്തര മന്ത്രാലയം തുടങ്ങി കെട്ടിടങ്ങളെല്ലാം ഒരേസമയം ചിഹ്നമണിയും.

മിഡിലീസ്റ്റില്‍ ഖത്തറിന് പുറമെ കുവൈത്തിലെ കുവൈത്ത് ടവര്‍, ഒമാനിലെ ഒപ്പേര ഹൗസിലും ഒരേ സമയം ഡിജിറ്റല്‍ പ്രദര്‍ശനം അരങ്ങേറും. കൂടാതെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ തുടങ്ങി ഇന്ത്യയുള്‍പ്പെടെയുള്ള 23 രാജ്യങ്ങളില്‍ ഒരേ സമയം ചിഹ്നം പ്രകാശിപ്പിക്കും. ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍നാഥ് ജംഗ്ഷനിലാണ് പ്രദര്‍ശനം ഒരുക്കുന്നത്.

Top