താരങ്ങളെ വാങ്ങി ലോണില്‍ വിടുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഫിഫ

fifa-1

താരങ്ങളെ വാങ്ങിയ ശേഷം ലോണില്‍ വിടുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഫിഫ. വമ്പന്‍ ക്ലബുകള്‍ താരങ്ങളെ വാങ്ങിയ ശേഷം മറ്റു ചെറിയ ക്ലബുകള്‍ക്ക് ലോണില്‍ നല്‍കി വരുമാനമുണ്ടാക്കുന്നത് ഫിഫയുടെ പുതിയ നിയമത്തോടെ അവസാനമാകും. നിയമം യൂറോപ്യന്‍ ക്ലബുകള്‍ അടക്കമുള്ള വന്‍ ക്ലബുകള്‍ക്ക് തിരിച്ചടിയാവും. ഫിഫയ്‌ക്കൊപ്പം യുവേഫയും ഒത്തുചേര്‍ന്നാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.

യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം ആവശ്യമുള്ളതിലധികം താരങ്ങളെ ടീമിലെത്തിക്കുന്നതിനും പുതിയ നിയമം വിലങ്ങു തടിയാവാന്‍ സാധ്യതയുണ്ട്. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി എന്നീ യൂറോപ്യന്‍ ക്ലബുകളെയാണ് ഇത് കൂടുതലും ബാധിക്കുക. പ്രതീക്ഷയുണര്‍ത്തുന്ന യുവതാരങ്ങളെ ആദ്യം തന്നെ സ്വന്തമാക്കിയ ശേഷം മറ്റു ക്ലബുകള്‍ക്ക് വിട്ടു നല്‍കി ലാഭം കൊയ്യുകയാണ് വമ്പന്‍ ക്ലബുകള്‍.

പുതിയ നിയമം നിലവില്‍ വരുന്നതോടെ താരങ്ങളെ ലോണില്‍ വിടുന്ന സമ്പ്രദായം അവസാനിക്കുകയൊന്നുമില്ലെന്ന് പ്രസിഡന്റ് ഇന്‍ഫാന്റിനോ വ്യക്തമാക്കി. എന്നാല്‍ ക്ലബിന്റെ ലാഭം മാത്രമല്ലാതെ താരങ്ങളുടെ വളര്‍ച്ചക്കും ഇത്തരം കൈമാറ്റങ്ങള്‍ ഉപകരിക്കണമെന്ന നിലപാടാണ് ഫിഫക്കും യുവേഫക്കുള്ളത്. ഇതിനു പുറമേ ജനുവരി ട്രാന്‍സ്ഫര്‍ ജാലകം എടുത്തു കളഞ്ഞ് സീസണിന്റെ ഇടയില്‍ കൈമാറ്റങ്ങള്‍ നടത്തുന്നതിനെ നിര്‍ത്തലാക്കാനും ഫിഫക്കു പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ ഇറ്റാലിയന്‍ ക്ലബായ യുഡിനസ് 102 താരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ മിക്ക താരങ്ങളും ലോണില്‍ മറ്റു ക്ലബുകളില്‍ കളിക്കുകയാണ്. ചെല്‍സിക്ക് എഴുപതോളം താരങ്ങള്‍ സ്വന്തമായിട്ടുള്ളതില്‍ 45 താരങ്ങളെ ലോണില്‍ വിട്ടിരിക്കുകയാണ്.

Top