ലോകകപ്പ് രണ്ടു വർഷം കൂടുമ്പോ നടത്താൻ ഫിഫ മുന്നോട്ട്

പാരീസ്: രണ്ടുവര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് നടത്തുക എന്ന ആശയവുമായി ഫിഫ മുന്നോട്ട്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഫെഡറേഷനുകളുമായി യോഗം നടത്തി. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തിയാല്‍ അംഗങ്ങളായ ഫെഡറേഷനുകള്‍ക്ക് വന്‍വരുമാനം ലഭിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞു. എന്നാല്‍, യൂറോപ്പും തെക്കേ അമേരിക്കയും ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഇപ്പോള്‍ നാലുവര്‍ഷം കൂടുമ്പോഴാണ് ലോകകപ്പ്.

നിലവിലെ ലോകകപ്പ് സമ്പ്രദായത്തില്‍ യൂറോപ്പും ലാറ്റിനമേരിക്കയും സന്തുഷ്ടരാണ്. ഇവിടെനിന്നുള്ള എട്ട് രാജ്യങ്ങള്‍ മാത്രമേ ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ളൂ. എന്നാല്‍, ആഫ്രിക്കയും ഏഷ്യയുമൊക്കെ രണ്ടുവര്‍ഷ ലോകകപ്പിനെ അനുകൂലിക്കുന്നു. ഫൈനല്‍റൗണ്ടിലേക്കുള്ള ടീമുകളുടെ എണ്ണം കൂട്ടണമെന്നതും അവരുടെ ആവശ്യമാണ്. ഫിഫയും ഈ നിലപാടിന് ഒപ്പമാണ്.

നാലുവര്‍ഷത്തിനിടെ 33000 കോടിയോളം രൂപയുടെ അധികവരുമാനമുണ്ടാവും. എന്നാല്‍, ഇത് തങ്ങള്‍ക്ക് നഷ്ടക്കച്ചവടമാണെന്നാണ് യുവേഫ പറയുന്നത്. 25000 കോടിയോളം രൂപയുടെ ബാധ്യത തങ്ങള്‍ക്കുണ്ടാവും. ലോകത്തിലെ ഏറ്റവും സമ്പന്നമായ ലീഗുകള്‍ നടക്കുന്നത് യൂറോപ്പിലാണ്. അത് താളംതെറ്റുമെന്നാണ് യുവേഫയുടെ ഭയം.

Top