ഫിഫ ഫുട്ബോള്‍ റാങ്കിങ്; ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് മൂന്നാമത്

ഫിഫയുടെ പുരുഷ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാര്‍ക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1755.44 പോയന്റാണ് ത്രീ ലയണ്‍സിനുള്ളത്. മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്.

യൂറോ കപ്പില്‍ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു. ലോക റാങ്കിങ്ങില്‍ 1832.33 പോയന്റോടെ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അര്‍ജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോര്‍ച്ചുഗല്‍ ഏഴാമതും നില്‍ക്കുന്നു.

സ്‌പെയിന്‍, മെക്‌സിക്കോ, ഡെന്മാര്‍ക്ക് എന്നീ ടീമുകളാണ് എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡെന്മാര്‍ക്ക് ആദ്യ പത്തിലെത്തിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ പ്രധാന ആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി 14-ാം സ്ഥാനത്താണ്.

പട്ടികയില്‍ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു. ഇന്ത്യയെ മറികടന്ന് നമീബിയ 106-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയ്ക്ക് 1181.45 പോയന്റാണുള്ളത്.

 

Top