സെപ് ബ്ലാറ്റര്‍ രൂപീകരിച്ച മ്യൂസിയം പ്രോജക്ടില്‍ തട്ടിപ്പ് നടന്നു; ആരോപണവുമായി ഫിഫ

സൂറിച്ച്: മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ രൂപീകരിച്ച മ്യൂസിയം പ്രോജക്ടില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്ന ആരോപണവുമായി ഫിഫ. ആഗോള ഫുട്‌ബോളിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട പണം ഇടപാടുകരുമായി ചേര്‍ന്ന് ബ്ലാറ്റര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. തെളിവുകള്‍ സഹിതം സൂറിച്ചിലെ കന്റോണല്‍ പ്രോസിക്യൂട്ടര്‍ക്ക് ക്രിമിനല്‍ പരാതി നല്‍കിയിരിക്കുകയാണ് ഫിഫ. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബ്ലാറ്ററിന്റെ അഭിഭാഷകന്‍ ലോറന്‍സ് എര്‍നി പറഞ്ഞു.

17 വര്‍ഷം ഫിഫയുടെ തലപ്പെത്തിരുന്ന സെപ് ബ്ലാറ്റര്‍ 2015 ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ഫിഫയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.ഇതോടെയാണ് 2016ല്‍ ജിയാനി ഇന്‍ഫാന്റിനോ ഫിഫ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ഇന്‍ഫാന്റിനോക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. അന്ന് ഇന്‍ഫാന്റിനോയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സെപ് ബ്ലാറ്റര്‍ രംഗത്തെത്തിയിരുന്നു.

Top