ഫിഫ അറബ് കപ്പ്; ഖത്തറില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ദോഹ: അടുത്ത വര്‍ഷത്തെ ഫിഫ ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കമായി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെ നീളുന്ന മല്‍സരങ്ങള്‍ക്കുള്ള പ്രീസെയില്‍ ബുക്കിംഗിനുള്ള സൗകര്യം FIFA.com വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് ടിക്കറ്റ് വില്‍പ്പന. വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ണന നല്‍കും. ആഗസ്ത് മൂന്ന് മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയിലിന്റെ ആദ്യഘട്ടം. ഈ തീയതികള്‍ക്കുള്ളില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും തുല്യ പരിഗണന ലഭിക്കും. ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക.

സപ്തംബര്‍ 28ന് തുടങ്ങി ഒക്ടോബര്‍ 12 വരെ നീണ്ടുനില്‍ക്കുന്നതാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഈ ഘട്ടത്തില്‍ ടിക്കറ്റ് ലഭിക്കുക. അവസാന മിനിറ്റ് ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് ആരംഭിച്ച് ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ നീളും. ഗ്രൂപ്പ് സ്റ്റേജില്‍ പ്രവാസികള്‍ക്ക് മാത്രമുള്ള കാറ്റഗറി നാലിലെ 25 റിയാലിന്റെ ടിക്കറ്റാണ് ഏറ്റവും ചെറിയ ടിക്കറ്റ്.

ഫൈനല്‍ മല്‍സരത്തിന്റെ കാറ്റഗറി ഒന്നില്‍ 245 റിയാലാണ് ടിക്കറ്റ് നിരക്ക്. ഓരോ കളികള്‍ക്കുമുള്ളതോ തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ കളികള്‍ക്കുള്ളതോ ആയി ടിക്കറ്റുകള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ FIFA.com/tickets എന്ന ലിങ്കില്‍ ലഭ്യമാണ്.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള 16 ടീമുകളാണ് ഫിഫ അറബ് കപ്പ് മല്‍സരത്തില്‍ മാറ്റുരയ്ക്കുക. ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തിനെത്തുന്നവര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

നവംബര്‍ 30ന് ഖത്തറും ബഹ്‌റൈനും തമ്മില്‍ അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം. ലോക കപ്പിനായി ഒരുക്കിയ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം തന്നെ ഒന്നിലേറെ മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുക്കും. പൂര്‍ണമാവും വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

 

Top