വെടിനിർത്തൽ ധാരണകൾ ലംഘിച്ച് സുഡാനിൽ ഇരുപക്ഷവും തമ്മിൽ രൂക്ഷയുദ്ധം

ഖാർത്തൂം (സുഡാൻ): വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഇരുപക്ഷവും ഏറ്റുമുട്ടൽ രൂക്ഷമാക്കിയതിനെ തുടർന്ന് സുഡാൻ ഗുരുതര പ്രതിസന്ധിയിൽ. സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ അധികാരത്തിനായുള്ള പോരാട്ടം ജനത്തെ അക്ഷരാർഥത്തിൽ വീടുകളിൽ തടവിലാക്കി. എങ്ങും സ്ഫോടന ശബ്ദവും പുകയും നിറയുന്നു.

ഊർജം, വെള്ളം, അവശ്യസാധനങ്ങൾ എന്നിവ ലഭ്യമല്ലാത്തതിനാൽ ജനം ദുരിതത്തിലാണ്. ഖാർത്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന റൺവേയും ഒട്ടേറെ വിമാനങ്ങളും ബോംബിങ്ങിൽ തകർന്നു. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളും ആക്രമണ ഭീഷണിയെത്തുടർന്ന് അടച്ചു. ഒട്ടേറെപ്പേർ നഗരം വിട്ടു ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുന്നു. വീട് ഉപേക്ഷിച്ച് പലായനം ചെയ്ത ഒട്ടേറെപ്പേർ പോരാട്ട മേഖലയിൽ കുടുങ്ങിയിട്ടുണ്ട്. അയൽരാജ്യമായ ചാഡിലേക്കും അഭയാർഥി പ്രവാഹമുണ്ട്.

യുഎസ്, ഫ്രാൻസ്, നെതർലൻഡ്സ്, യുകെ എന്നീ രാജ്യങ്ങൾ അവരുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സൈനിക വിമാനങ്ങളിൽ ഒഴിപ്പിച്ചു. മറ്റു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെയും പൗന്മാരെയും ഒഴിപ്പിക്കാൻ വഴിതേടുന്നു. ജിബൂട്ടിയിൽ നിന്നെത്തിയ യുഎസ് സ്പെഷൽ ഫോഴ്സസ് ചിനൂക്ക് ഹെലികോപ്റ്ററുകളിലാണ് എഴുപതോളം എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. രൂക്ഷമായ പോരാട്ടം തുടരുന്നതിനാൽ ഒഴിപ്പിക്കൽ നടപടി അതീവ അപകടകരമാണെന്ന് യുഎസ് അറിയിച്ചു. മറ്റു രാജ്യങ്ങൾ ഒഴിപ്പിക്കലിനു യുഎസ് സഹായം തേടിയിട്ടുണ്ട്.

ഈദുൽ ഫിത്ർ ആഘോഷത്തിനായി 3 ദിവസം വെടിനിർത്തലിനു ധാരണയായെങ്കിലും ഇരുപക്ഷവും അതു പാലിച്ചില്ല. ഖാർത്തൂമിലും ഒംഡുർമാനിലും രൂക്ഷമായ പോരാട്ടം തുടരുന്നു. 264 സാധാരണക്കാർ ഉൾപ്പെടെ നാനൂറിലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടു. നാലായിരത്തിലേറെ പേർക്കു പരുക്കേറ്റു. മരുന്നും അവശ്യസാധനങ്ങളും ലഭിക്കാതെ ആശുപത്രികൾ പ്രവർത്തിക്കാൻ വിഷമിക്കുന്നു.

പോരാട്ട മേഖലയിൽ അക്രമിസംഘങ്ങൾ കൊള്ള നടത്തുന്നതും ദുരിതം വർധിപ്പിക്കുന്നു. ഇന്നലെ രാജ്യമെങ്ങും ഇന്റർനെറ്റ്, ടെലിഫോൺ ബന്ധം തടസ്സപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ യുദ്ധത്തിൽ തകർന്നതിനാൽ ഉടനെങ്ങും ഇവ പുനഃസ്ഥാപിക്കപ്പെടാൻ ഇടയില്ല.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുവരുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സുമേധ പടക്കപ്പൽ പോർട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമസേനയുടെ രണ്ട് സി–130ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.

സുഡാനിൽനിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ സൗദി അറേബ്യ രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചിട്ടുണ്ട്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിനൊപ്പമാണു സൗഹൃദരാഷ്ട്രങ്ങളുടെ പൗരന്മാരെക്കൂടി സൗദി രക്ഷപ്പെടുത്തിയത്. 157 പേരെയാണ് സുഡാനിൽനിന്ന് യുദ്ധക്കപ്പലിൽ ജിദ്ദയിലെത്തിച്ചത്. ഇതിൽ 91 പേർ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബാക്കി 66 പേർ. കൂടുതൽ രാജ്യങ്ങൾ ഒഴിപ്പിക്കൽ നടപ‍‍ടികൾ ഉടൻ ആരംഭിക്കുമെന്നു സുഡാൻ സൈന്യം വ്യക്തമാക്കി.

Top