നാല് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് ‘ഫിയറ്റ്’ തിരിച്ചെത്തുന്നു; ഇലക്ട്രിക് കാറുകളും എത്തും

ന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്പനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ് അവസാനിപ്പിച്ചത്. 2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്എ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.

2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക്കും. 4.3 മീറ്റര്‍ മുതല്‍ 4.9 മീറ്റര്‍ വരെ നീളമുള്ള വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനാവും. 2.7 മീറ്റര്‍ മുതല്‍ 2.9 മീറ്റര്‍ വരെ വലുപ്പമുള്ള വീല്‍ ബേസുള്ള വാഹനങ്ങള്‍ നിര്‍മിക്കാനും ഇതുവഴി സാധിക്കും.

ഫ്രണ്ട്, റിയര്‍, ഫോര്‍വീല്‍(4WD), ഡുവല്‍ മോട്ടോറുള്ള 4WD എന്നിങ്ങനെ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഈയൊരു പ്ലാറ്റ്‌ഫോമില്‍ ഒരുക്കാനാവും. 215hp മുതല്‍ 382hp വരെ കരുത്തും 700 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 98kWh ബാറ്ററിയുമുള്ള വാഹനങ്ങളും സ്റ്റെല്ലാന്റിസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങും. ചെറുകാറുകള്‍ മുതല്‍ ക്രോസ് ഓവറുകളും എസ്‌യുവികളുമൊക്കം STLA M പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കാനാവും. കുറഞ്ഞ ഭാരം അനായാസം വാഹനം കൈകാര്യം ചെയ്യാന്‍ സഹായിക്കും. വൈദ്യുതി വാഹനങ്ങള്‍ മാത്രമല്ല പരമ്പരാഗത ICE വാഹനങ്ങളും ഇതേ പ്ലാറ്റ്‌ഫോമില്‍ സ്‌റ്റെല്ലാന്റിസ് ഒരുക്കും.

ഇന്ത്യയില്‍ ജീപ്പിന്റേയും സിട്രോണിന്റേയും വാഹനങ്ങള്‍ വ്യത്യസ്തമായ ഫാക്ടറികളിലാണ് നിലവില്‍ സ്റ്റെല്ലാന്റസ് നിര്‍മിക്കുന്നത്. കോംപാസ്, മെറിഡിയന്‍ പോലുള്ള ജീപ്പ് മോഡലുകള്‍ മഹാരാഷ്ട്രയിലെ രന്‍ജനാഗണിലും സിട്രോണ്‍ സി3, ഇസി3, സി3എയര്‍ക്രോസ് വാഹനങ്ങള്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുമാണ് ഒരുങ്ങുന്നത്. നിലവിലെ കോംപാസ് മോഡലുകളും സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ പ്ലാറ്റ്‌ഫോമിലേക്ക് മാറാന്‍ ഒരുങ്ങുകയാണ്. ഹൊസൂറിലും സ്റ്റെല്ലാന്റിസിന് ഫാക്ടറിയുണ്ട്.

ജീപ്പിന്റെ അടുത്ത തലമുറ കോംപാസിലാണ് ആദ്യമായി STLA M പ്ലാറ്റ്‌ഫോം ലഭിക്കുക. അതേസമയം 2024 അവസാനം എത്തുന്ന സി3എക്‌സ് ക്രോസ്ഓവറായിരിക്കും ഈ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെത്തുന്ന ആദ്യ സിട്രോണ്‍ വാഹനം.

ബിഎസ്6 നിയന്ത്രണങ്ങള്‍ വഴി മലിനീകരണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഫിയറ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം 2019ല്‍ അവസാനിപ്പിച്ചത്. ഫിയറ്റിന്റെ ഡീസല്‍ എന്‍ജിന്റെ ഇന്ത്യയിലെ പ്രധാന ഉപഭോക്താക്കളായ ടാറ്റ മോട്ടോഴ്‌സും മാരുതി സുസുക്കിയേയും നഷ്ടമായതും അവര്‍ക്ക് തിരിച്ചടിയായി. പുതിയ പ്ലാറ്റ്‌ഫോമില്‍ സ്‌റ്റെല്ലാന്റിസ് അവതരിപ്പിക്കുന്നതോടെ ഇന്ത്യയില്‍ ഫിയറ്റിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം.

Top