വവ്വാൽപ്പനി കേരളത്തിൽ ഭീതി പടർത്തുന്നു, യഥാർത്ഥ്യം ഇതാണ് . .

Virus

കോഴിക്കോട്‌: ചിക്കുന്‍ ഗുനിയ, തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, തുടങ്ങിയ പേരുകളില്‍ എത്തിയ പകര്‍ച്ചപ്പനികള്‍ക്കിടയിലേയ്ക്ക് ഭീതി പടര്‍ത്തി എത്തിയിരിക്കുകയാണ് വവ്വാല്‍പ്പനിയും. പേരാമ്പ്രയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിക്കാന്‍ ഇടയായതും, നിരവധി പേരെ ഗുരുതര നിലയില്‍ എത്തിക്കുകയും ചെയ്തിരിക്കുന്നത് വവ്വാല്‍പ്പനിയാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ പരക്കുന്നത്.

നിപ്പാ വൈറസിന് ചില വിരുതന്മാര്‍ നല്‍കിയ പേരാണ് ഈ വവ്വാല്‍പ്പനിയെന്നത്. 1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസാണ് നിപ്പാ. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും ഈ വൈറസ് കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗം ഉണ്ടായത്.

വാവ്വലുകളുടെ സ്പര്‍ശനമേറ്റ പഴങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്കും വൈറസ് കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരും. എന്നാല്‍ ഈ വൈറസിന് എതിരായുള്ള വാക്‌സിന്‍ ഇത് വരെ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയില്‍ നിന്നും മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍.

എന്നാല്‍ പേരാമ്പ്രയില്‍ കണ്ടെത്തിയത് വവ്വാല്‍ പനിയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതു കൊണ്ട് ആളുകളില്‍ അനാവശ്യ ആശങ്ക പടര്‍ത്തരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന അറിയിപ്പ്.

Top