സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം, മരണം വിളയാടുന്ന ദൈവത്തിന്റെ സ്വന്തം നാട്

FEVER

തിരുവനന്തപുരം: കാലന്‍ എലിയുടെ രൂപത്തില്‍ സംസ്ഥാനത്ത് താണ്ഡവ നിര്‍ത്തമാടുന്നു.സംസ്ഥാനത്ത് ഇതു വരെ 651 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചികിത്സാ പ്രോട്ടോകോളും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ചികിത്സയിലിരുന്ന 18 പേരാണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി മരണത്തിന് കീഴടങ്ങിയത്. എലിപ്പനിയെ തുടര്‍ന്ന് കഴിഞ്ഞ 20 മുതല്‍ മരിച്ചവരുടെ എണ്ണം 42 ആയി എന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. പനിബാധ പടരുന്നതു കണക്കിലെടുത്ത് 260 താല്‍ക്കാലിക ആശുപത്രികള്‍ പുതിയതായി ആരംഭിച്ചിട്ടുണ്ട്.

സ്ഥിതി ഗുരുതരമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മരുന്നു കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ഉടനെ തന്നെ ചികിത്സ തേടണമെന്നും പ്രളയ ബാധിതരൊക്കെയും പ്രതിരോധമരുന്നായ ഡോക്‌സസോസിന്‍ ഗുളിക കഴിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എലിപ്പനി ബാധിച്ചവരെ കിടത്തുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകളും സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ചികിത്സയ്ക്ക് ആവശ്യമായ പെനിസിലിനും പ്രതിരോധ മരുന്നായ ഡോക്‌സസോസിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇതുവരെ 16 പേരാണു പനി മൂലം മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 142 പേര്‍ പനിക്കു വേണ്ടി ചികിത്സതേടിയിട്ടുണ്ട്. ഇതില്‍ 38 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് പത്തു പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു. 48 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ 54 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരില്‍ 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.

എറണാകുളത്ത് 12 പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം ഇതോടെ 26 ആയിരിക്കുകയാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് 64 പേരും ചിക്കന്‍ പോക്‌സ് ബാധിച്ച് രണ്ടുപേരും കഴിഞ്ഞ ദിവസം ചികിത്സ തേടി. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ 22 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്.

Top