ജനങ്ങളില്‍ ഭീതി കൂടുന്നു; തൃശൂരിലും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

തൃശൂര്‍: മലപ്പുറത്തിന് പുറമെ തൃശൂരിലും എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ കോടാലി സ്വദേശി സിനേഷാണ് മരിച്ചത്. ഇയാള്‍ മുളങ്കുന്നത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രളയമുണ്ടായ ശേഷം സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുകയാണ്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 40 ലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. എലിപ്പനി ബാധിച്ച് ഇന്നലെ മാത്രം എട്ട് പേര്‍ മരിച്ചു.

ഏറ്റവുമധികം മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്. മൂന്ന് പേരാണ് കോഴിക്കോട് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. സംസ്ഥാനത്ത് 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്.

Top