സംസ്ഥാനത്ത് വീണ്ടും പനി മരണം, കേരളം ആശങ്കയില്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി ബഷീര്‍(31)ആണ് പനി ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഓങ്ങല്ലൂരില്‍ പത്തുവയസുകാരി പനി ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് പത്ത് പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു.

അതേസമയം, പനി പടരുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പനി പടരുന്നത് തടയുന്നതിന് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ സര്‍ക്കാര്‍ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നുണ്ടെന്നും ഈ അവസരത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കണമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നിലപാട്. പിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെല്ലാം മുന്നിട്ടിറങ്ങണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

Top