ദേശീയ പണിമുടക്കില്‍ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഫിയോക്

കൊച്ചി: 48 മണിക്കൂര്‍ പൊതു പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന് വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തിരിച്ചടിയാകുമെന്നും ഫിയോക് പറഞ്ഞു.

ഇന്ധന വിലവര്‍ധന അടക്കം കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംയുക്ത തൊഴിലാളി യൂണിയന്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുന്നത്. കേരളത്തിലും പണിമുടക്ക്ശക്തമാകും. എല്ലാ മേഖലയും പണിമുടക്കില്‍ സഹകരിക്കണമെന്നും, അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്നൊഴിവാക്കുമെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി.

എല്ലാ ജില്ലകളിലും 25 സമര കേന്ദ്രങ്ങള്‍ തുറന്ന് റാാലികള്‍ നടത്താനാണ് തീരുമാനം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെ സഹകരിക്കാനാണ് ആഹ്വാനം. മോട്ടോര്‍ വാഹനമേഖല, കെ.എസ്.ആര്‍.ടി.സി, വ്യാപാര മേഖല എന്നിവ പണിമുടക്കാന്‍ ആഹ്വാനം ചെയ്തതോടെ പൊതുഗതാഗതത്തേയും കടകമ്പോളങ്ങളെയും ബാധിച്ചേക്കും. ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുമെങ്കിലും ട്രെയിനുകളില്‍ യാത്ര ഒഴിവാക്കി പൊതുജനവും സഹകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top