കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

കോട്ടയം : പീഡനത്തിനിരയായ പതിനാലുവയസുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. നാലരമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം പാമ്പാടിയിലാണ് സംഭവം. മധ്യവയസ്‌കനായ ആള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പാമ്പാടി പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചശേഷം ഇന്ന് (ചൊവ്വാഴ്ച) ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. വയറുവേദനയെതുടര്‍ന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു.

 

Top