ഇന്ധനങ്ങള്‍ക്ക് ചരക്കുസേവന നികുതി; തീരുമാനം 21ന്

gst

ന്യൂഡല്‍ഹി: ഇന്ധനങ്ങളെ ചരക്കു സവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ഈയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനിക്കും. പ്രകൃതിവാതകവും വിമാന ഇന്ധനവുമാകും ആദ്യം പരിഗണിക്കുന്നത്.

ജൂലൈ 21നാണ് അടുത്ത ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം നടക്കുന്നത്. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ സമിതിയില്‍ സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ള പ്രതിനിധികളും അംഗങ്ങളാണ്. ചരക്കുസേവന നികുതിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം സ്ലാബിലായിരിക്കും ഇവ ഉള്‍പ്പെടുത്തുന്നത്. ഇതിനു പുറമെ സംസ്ഥാന ലെവിയായ വില്‍പന നികുതി കൂടി ഇന്ധനങ്ങള്‍ക്കു മേല്‍ ചുമത്താന്‍ ആലോചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ഏറെ ചെലവുള്ള പെട്രോളും ഡീസലും ആദ്യഘട്ടത്തില്‍നിന്ന് ഒഴിവാക്കിയത്. 2017 ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് നടപ്പാക്കിയ ചരക്കുസേവന നികുതിയില്‍ നിന്ന് ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ഒഴിവാക്കിയിരുന്നു.

വിമാന ഇന്ധനത്തിന് 14 ശതമാനമാണ് കേന്ദ്ര എക്‌സൈസ് നികുതി ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ 30 ശതമാനം വില്‍പന നികുതിയായോ മൂല്യവര്‍ധിത നികുതിയായോ ഈടാക്കുന്നത്. നിലവിലെ നികുതി നിരക്കുകള്‍ 5, 12, 18, 28 എന്നിങ്ങനെയാണ്. ഇതില്‍ ഉയര്‍ന്ന സ്ലാബായ 28ല്‍ ഉള്‍പ്പെടുത്തിയാല്‍ ശതകോടികളുടെ വരുമാനനഷ്ടം കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നേരിടേണ്ടിവരും. അതാണ് സംസ്ഥാന വാറ്റ് കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്ര ധനമന്ത്രാലയം പദ്ധതി രേഖ സമര്‍പ്പിക്കും.

Top