സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി കാര്‍ ഫാക്ടറികളിലെ ഉല്‍പാദനം നിര്‍ത്തി

പ്രമുഖ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ഫെരാരി ഇറ്റലിയിലെ ഫോര്‍മുല വണ്‍, റോഡ് കാര്‍ ഫാക്ടറികളിലെ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. രണ്ടാഴ്ചത്തേക്കാണ് ഫാക്ടറികള്‍ അടച്ചിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വൈറസിന്റെ വ്യാപനം തടയുന്നതിനുമാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. വാഹനനിര്‍മാണ സാമഗ്രികളുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

യൂറോപ്പില്‍ കൊറോണവൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറ്റലി. ജീവനക്കാരുടെ ആരോഗ്യത്തെ കരുതിയാണ് തീരുമാനമെന്നാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലൂയി കാമിലേരി അറിയിച്ചത്.

Top