എഫ് എയ്റ്റ് ട്രിബ്യൂട്ടൊ ഇന്ത്യയിലേക്ക്; വില 4.02 കോടി രൂപ മുതല്‍

ഫെറാരിയുടെ സൂപ്പര്‍ കാറായ എഫ് എയ്റ്റ് ട്രിബ്യൂട്ടൊ ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വര്‍ഷം കാര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. 4.02 കോടി രൂപ മുതലാവും കാറിന്റെ ഇന്ത്യയിലെ ഷോറൂം വില. നേരത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാരി തങ്ങളുടെ എഫ് എയ്റ്റ് ട്രിബ്യൂട്ടൊ അവതരിപ്പിച്ചിരുന്നു.

ഫെറാരിയുടെ ‘വി എയ്റ്റ് ബെര്‍ലിനെറ്റ’ മോഡലുകളോടുള്ള ആദരമെന്ന നിലയിലാണു എഫ് എയ്റ്റ് ട്രിബ്യൂട്ടൊ അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ പേരു തന്നെ ഇതു വെളിപ്പെടുത്തുന്നുണ്ട്.

നേരത്തെ ‘488’ സൂപ്പര്‍ കാറിനു കരുത്തേകിയിരുന്ന 3.9 ലീറ്റര്‍, ഇരട്ട ടര്‍ബോചാര്‍ജ്ഡ്, വി എയ്റ്റ് എന്‍ജിന്‍ തന്നെയാണു ‘ട്രിബ്യൂട്ടൊ’യിലുമുണ്ടാവുക. എന്നാല്‍ ട്യൂണിങ്ങിലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ‘എഫ് എയ്റ്റ് ട്രിബ്യൂട്ടൊ’യിലെത്തുമ്പോള്‍ ഈ എന്‍ജിന്‍ 720 ബി എച്ച് പിയോളം കരുത്തും 770 എന്‍ എം വരെ ടോര്‍ക്കുമാണു സൃഷ്ടിക്കുക.

സ്റ്റാര്‍ട്ടിങില്‍ നിന്ന് വെറും 2.9 സെക്കന്‍ഡില്‍ ‘ട്രിബ്യൂട്ടൊ’ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണു ഫെറാരി അവകാശപ്പെടുന്നത്. 200 കിലോമീറ്റര്‍ വേഗത്തിലേക്കുള്ള കുതിപ്പിനു വേണ്ടി വരുന്നതാവട്ടെ വെറും 7.8 സെക്കന്‍ഡും. മണിക്കൂറില്‍ 340 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. ഇതോടെ ഫെറാരി ശ്രേണിയില്‍ മധ്യത്തില്‍ ഘടിപ്പിച്ച എന്‍ജിനോടെ ഏറ്റവും കൂടുതല്‍ വേഗം കൈവരിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന പെരുമയും ‘ട്രിബ്യൂട്ടൊ’ സ്വന്തമാക്കിയിരിക്കുകയാണ്.

കാഴ്ചയില്‍ ‘488’ സൂപ്പര്‍ കാറിനോടു പ്രകടമായ സാമ്യമാണു ‘ട്രിബ്യൂട്ടൊ’ പുലര്‍ത്തുന്നത്. ആഴമേറിയ ക്രീസും പിന്നില്‍ ‘എസ്’ ആകൃതിയിലുള്ള ഇന്‍ടേക്കും പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റും പിന്നില്‍ ഇരട്ട ടെയ്ല്‍ ലൈറ്റ ക്ലസ്റ്ററുമെല്ലാം വാഹനത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ‘ബെര്‍ലിനെറ്റ’ ശ്രേണിയിലെ ആദ്യ എട്ടു സിലിണ്ടര്‍ മോഡലെന്ന പെരുമയോടെ 1975ലെത്തിയ ‘308 ജി ടി ബി’യില്‍ നിന്നു പ്രചോദിതമാണു പുതിയ കാറിലെ ലൈറ്റുകള്‍.

Top