അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരം; ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദര സൂചകമായി ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം പുനര്‍നാമകരണം ചെയ്യുന്നു. ഈ സ്‌റ്റഡിയം ഇനി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമെന്ന് അറിയപ്പെടും.ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തിന് ശനിയാഴ്ച അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിടാന്‍ തീരുമാനിച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായിരുന്നു ജെയ്റ്റ്‌ലി.

സെപ്റ്റംബര്‍ പന്ത്രണ്ടിന് നടക്കുന്ന ചടങ്ങില്‍ വച്ച് സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടക്കും. ഇതേ ചടങ്ങില്‍ വച്ച് സ്റ്റേഡിയിലെ ഒരു സ്റ്റാന്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കുന്നുണ്ട്.ചരിത്രപ്രധാന സ്റ്റേഡിയത്തിന്റെ നവീകരണത്തിന് ചുക്കാന്‍ പിടിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. ജെയ്റ്റ്‌ലിയുടെ കാലത്താണ് സ്റ്റേഡിയത്തിന്റെ വലിപ്പം കൂട്ടിയതും ലോകനിലവാരത്തിലുള്ള ഒരു ഡ്രസ്സിങ് റൂം ഒരുക്കിയതും.

അരുണ്‍ ജെയ്റ്റ്‌ലിയുടെ പിന്തുണയാണ് വിരാട് കോലി, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമായതെന്ന് ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു.

Top