രണ്‍ജി പണിക്കര്‍ക്കെതിരായ വിലക്ക് നീക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്

ടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്കെതിരായ അപ്രഖ്യാപിത വിലക്ക് നീക്കി തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തീയേറ്ററുകള്‍ക്ക് രണ്‍ജി പണിക്കര്‍ നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ ധാരണയിലായതോടെയാണ് അപ്രഖ്യാപിത വിലക്ക് നീങ്ങിയത്.

ആറു മാസം മുന്‍പ് ചേര്‍ന്ന യോഗത്തില്‍ രണ്‍ജി പണിക്കരെ വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചെങ്കിലും ഇത് നടപ്പായിരുന്നില്ല. തുടര്‍ന്ന് കുടിശിക തീര്‍ക്കാതെ രണ്‍ജി പണിക്കരുമായി സഹകരിക്കേണ്ടതില്ലെന്നും താരം അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും തീരുമാനമെടുത്തിരുന്നു.രണ്‍ജി പണിക്കര്‍ അഭിനയിച്ച പുതിയ ചിത്രം ‘എ രഞ്ജിത്ത് സിനിമ’യുടെ റിലീസ് പ്രഖ്യാപിച്ചതോടെയായിരുന്നു പുതിയ തീരുമാനം. തര്‍ക്കത്തില്‍ തീരുമാനമായതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയും നീങ്ങി.

ഏഴു വര്‍ഷം മുന്‍പാണ് രണ്‍ജി പണിക്കരുടെ നേതൃത്വത്തില്‍ പുതിയ കമ്പനി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫിയോക്ക് ഫെഫ്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നല്‍കിയിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല.രണ്‍ജി പണിക്കര്‍ പങ്കാളിയായ സിനിമ നിര്‍മാണ – വിതരണക്കമ്പനി വന്‍ തുക കുടിശിക നല്‍കാനുണ്ടെന്നായിരുന്നു സംഘടനയുടെ ആരോപണം.ലേലം 2 ഉള്‍പ്പെടെ പുതിയ പ്രോജക്ടുകളുടെ പേരില്‍ 40 ലക്ഷത്തോളം രൂപ തീയേറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയെന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രോജക്ടുകള്‍ നടപ്പാകുകയോ, പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് ഫിയോക്കിന്റെ ആരോപണം.

 

Top