അവര്‍ പ്രസവിക്കാത്ത ഫെമിനിസ്റ്റുകള്‍, പരാതിയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ

കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാവിഭാഗം ഹരിത നല്‍കിയ പരാതി ലഭിച്ചതായി വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍. പരാതിയുടെ പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനേയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബിനേയും എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹരിത സംസ്ഥാന ഭാരവാഹികളായ 10 പെണ്‍കുട്ടികള്‍ സംസ്ഥാന വനിത കമ്മീഷന് പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണരൂപം:

വിഷയം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതി

സര്‍,

22-06-2021ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വെച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രസ്തുത യോഗത്തില്‍ സംഘടന സംബന്ധിച്ച് കാര്യങ്ങളില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് വിദ്യാര്‍ഥിനി ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ടു സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളന്‍ ചിരിയോടെ ‘ ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ’ എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടത്.

എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങള്‍ക്ക് എതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ്.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി. അബ്ദുല്‍ വഹാബ് ഫോണ്‍ മുഖേനയും മറ്റും തൊലിച്ചികള്‍ എന്നൊക്കെയുള്ള അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. മാത്രവുമല്ല സംഘടനക്കകത്തും പൊതുരംഗത്തും ഞങ്ങള്‍ക്ക് വഴിപ്പെട്ടിട്ടില്ലെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. പല തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരമായി പ്രചരിപ്പിക്കുന്നു. ഹരിതയുടെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകള്‍ ആണെന്നും പ്രചരണം നടത്തി പൊതുമധ്യത്തില്‍ അപമാനിക്കുകയാണ്.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ഥിക്കുന്നു.

 

Top