ചാവേറായി പൊട്ടിത്തെറിക്കാൻ ജാക്കറ്റിൽ 5 കിലോ സ്ഫോടക വസ്തുവുമായി യുവതി പിടിയിൽ

ബലൂചിസ്ഥാൻ: ബലൂചിസ്ഥാനിൽ സ്ഫോടക വസ്തുക്കളടങ്ങിയ ശേഖരവുമായി യുവതി പിടിയിൽ. ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതെന്ന് സംശയിക്കുന്ന യുവതിയെയാണ് പാക്കിസ്താൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ പിടികൂടിയതെന്നാണ് വ്യക്തമാകുന്നത്. സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായ മഹ്ബൽ ബലൂച് ലിബറേഷൻ ഫ്രണ്ടിലെ അം​ഗമാണ്. ഈ സംഘടനയാണ് ക്വറ്റയിലേക്ക് യുവതിയെ ചാവേറാക്രമണത്തിനായി നിയോ​ഗിച്ചതെന്ന് പാക്കിസ്താൻ സുരക്ഷാസേന പറയുന്നു. ക്വറ്റയിലെ പാർക്കിന് സമീപത്തുനിന്നാണ് യുവതി പിടികൂടുന്നത്. ബലൂച് ലിബറേഷനെതിരെ രഹസ്യാന്വേഷണ വിഭാ​ഗം നടത്തി വരുന്ന അന്വേഷണത്തിലാണ് യുവതിയെ പിടികൂടുന്നത്. യുവതിയുടെ ജാക്കറ്റിൽ നിന്ന് അഞ്ചുകിലോ​ഗ്രാം വരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

ബലൂച് ലിബറേഷൻ ഫ്രണ്ട് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ക്വറ്റയിൽ പരിശോധന ശക്തമാക്കിയത്. പരിശോധനക്കിടയിലാണ് സ്ഫോടക വസ്തുക്കൾ നിറച്ച ജാക്കറ്റുമായി മഹ്ബൽ എന്ന യുവതിയെ പിടികൂടുന്നത്. ബെ​ഗബാർ അലിയാസ് നദീം എന്നയാളുടെ ഭാര്യയാണ് അറസ്റ്റിലായ മഹ്ബലെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ കറാച്ചി യൂണിവേഴ്സിറ്റിക്കടുത്ത് വെച്ച് സ്തീ ചാവേർ പൊട്ടിത്തെറിച്ച് വലിയ അപകടം ഉണ്ടായിരുന്നു. അന്നത്തെ ചാവേറാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ചൈനീസ് അധ്യാപികമാരും ഒരു പാക്കിസ്താനിയുമാണ് ആ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉന്നത വിദ്യാഭ്യാസം നേടിയ 30 കാരിയായ ഷാരി ബലോച് എന്ന യുവതിയാണ് അന്ന് ചാവേറായി പൊട്ടിത്തെറിച്ചത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണെന്നതടക്കമുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.

അതേസമയം ഈ മാസം ഒന്നാം തിയതി പാക്കിസ്ഥാനിലെ പെഷവാറിൽ വമ്പൻ ചാവേർ ആക്രമണം നടന്നിരുന്നു. ഇവിടുത്തെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഒരു ഇമാം ഉൾപ്പെടെ 100 പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനസമയത്ത് പള്ളിയുടെ പരിസരത്ത് പ്രാർത്ഥനയ്ക്കായി നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

Top