വനിതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാതി പരിഹാര സെല്‍; നിര്‍ദേശം പാലിച്ചത് സിപിഎം മാത്രം

cpm

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഭൂരിപക്ഷം പാര്‍ട്ടികളും പേപ്പറില്‍ ഒതുക്കി. സി.പി.എം മാത്രമാണ് നിര്‍ദേശം അനുസരിച്ച ഒരേയൊരു പാര്‍ട്ടി.

2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനായി നിര്‍ദേശിച്ച് കൊണ്ട് കഴിഞ്ഞ ഒക്ടോബറില്‍ വനിതാ ശിശുക്ഷേമ മന്ത്രി അയച്ച കത്തിന് സി.പി.എം മാത്രമാണ് മറുപടി നല്‍കിയത്. 1997ലെ വൈശാഖ കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളിടക്കം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പരാതിപരിഹാരസെല്‍ രൂപീകരിക്കണമെന്ന് ഉത്തരവിട്ടത്.

പാര്‍ട്ടികള്‍ ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്നും പുറത്തുനിന്നുള്ള ഒരംഗത്തെയടക്കം ഉള്‍പ്പെടുത്തി കമ്മറ്റിയില്‍ ലഭിക്കുന്ന പരാതിയില്‍ നടപടി സ്വീകരിക്കണം. ഈ വിവരങ്ങള്‍ അതാത് പാര്‍ട്ടികളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപലോഡ് ചെയ്യണമെന്നും നിയമത്തില്‍ പറയുന്നു.

2013ല്‍ വന്ന വിധിയില്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ച് കൊണ്ട് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധി രാജ്യത്തെ പ്രധാനപ്പെട്ട 52 പാര്‍ട്ടി നേതാക്കള്‍ക്ക് കത്തയച്ചതിന് ലഭിച്ച മറുപടിയില്‍ നിന്നാണ് രാജ്യത്തെ പാര്‍ട്ടികളുടെ കെടുകാര്യസ്ഥത പുറത്തു വന്നത്. 52 പാര്‍ട്ടികളുള്ള ഇന്ത്യയില്‍ നിയമം നടപ്പാക്കിയെന്ന് മറുപടി നല്‍കിയത് സിപിഎം മാത്രം. ഇതുവരെ ആഭ്യന്തരപരിഹാര സെല്‍ രൂപീകരിക്കാത്ത പാര്‍ട്ടികള്‍ ഉടനടി അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top