ഷെയ്ന്‍ നിഗമിന്റെ വിലക്ക്; ഈ മാസം ചേരുന്ന യോഗത്തിന് ശേഷമെ തീരുമാനമെടുക്കു-ഫെഫ്ക

ഷെയ്ന്‍ നിഗമിന്റെ വിലക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കേണ്ടെന്ന് ഫെഫ്ക. ഈ മാസം 19 ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടേയും നിര്‍വ്വാഹക സമിതി യോഗം ചേരുന്നുണ്ട്. അതിന് ശേഷം രണ്ട് സംഘടനയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ഫെഫ്കയുടെ തീരുമാനം.

വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ന്‍ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തി. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നിരുന്നു.

ഇതിന് പിന്നാലെയാണ് താരം നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചത്. പന്നീട് ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തുകയും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു.

Top