മീ ടൂ; അര്‍ച്ചന പത്മിനിയ്‌ക്കെതിരെ നിയമനടപടിയ്ക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: വനിതാ സംഘടനയായ ഡബ്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര നടി അര്‍ച്ചന പത്മിനി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിയ്ക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമാ മേഖലയില്‍ തുടരുന്നുണ്ടെന്ന കാര്യം വ്യക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

‘ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തതാണ്. പിന്നീടെന്തുണ്ടായി എന്ന് വ്യക്തമല്ല. ഷെറിന്‍ സ്റ്റാന്‍ലിയെ തിരികെ ജോലിക്കെടുത്ത സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയോട് വിശദീകരണം ചോദിക്കും. ഫെഫ്ക ഷെറിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന വാദം തെറ്റാണ്’. ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം, അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണം ശരിവെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ രംഗത്തെത്തിയിരുന്നു. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം പറ്റിപ്പോയെന്ന് ബാദുഷ പറഞ്ഞു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ബാദുഷയുടെ അസിസ്റ്റന്റായിരുന്നു ഷെറിന്‍ സ്റ്റാന്‍ലി.

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിച്ച സമയം ഷെറിനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും എന്നാല്‍ ഇത് സംബന്ധിച്ച് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും പൊലീസില്‍ പരാതി പെട്ടിട്ട് കാര്യമില്ലാത്തതിനാല്‍ അത് ചെയ്തില്ലെന്നും അര്‍ച്ചന പറഞ്ഞിരുന്നു.
ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

Top