വിനയന്റെ വിലക്ക് നീക്കി; ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം : സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ എന്നിവയുടെ ഉത്തരവുകൾക്ക് എതിരെ ആണ് ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, 2017 മാർച്ചിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിൽ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. പിഴ ശിക്ഷയും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ചോദ്യം ചെയ്തിട്ടുണ്ട്.

വിനയന്റെ വിലക്ക് നീക്കിയ ഉത്തരവുകൾക്ക് എതിരെ ‘അമ്മ’ ഇത് വരെയും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടില്ല. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം. നിലവിൽ വിനയന് പിഴ തുക ആയ നാല് ലക്ഷം രൂപ നൽകി തുടർ നിയമ നടപടികൾ ഒഴിവാക്കാൻ ആണ് ‘അമ്മ’ ശ്രമിക്കുന്നത് എന്നാണ് സൂചന.

വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കം തുടങ്ങുന്നത് നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ്. ഇതോടെ തർക്കം രൂക്ഷമായി . വിനയന്റെ സിനിമകളുമായി സഹകരിച്ചവർക്കു സംഘടനകൾ വിലക്ക് ഏർപ്പെടുത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. ഇതോടെ വിനയൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി സമർപ്പിക്കയായിരുന്നു.

Top