ഷെയ്ന്‍ നിഗം വിവാദം; നിലപാടില്‍ മാറ്റമില്ല, ചര്‍ച്ചയാകാമെന്നും ഫെഫ്ക

കൊച്ചി: ഷെയ്ന്‍ നിഗം വിവാദത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ ഏത് വിഷയത്തിലും ചര്‍ച്ചയാകാമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. വിദേശത്തു പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും സിനിമകള്‍ മുടങ്ങിപ്പോകരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഷെയിനിന്റെ മാപ്പു പറച്ചിലിനെ നിര്‍മാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. 22ന് അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും സിനിമകള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഷെയ്ന്‍ തിരുവനന്തപുരത്ത് പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതും സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള ചര്‍ച്ചയില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമായി.

ഷെയിനിനെ ഇതരഭാഷാസിനിമകളിലും അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രോഡ്യൂസേഴ്‌സ് ഗില്‍ഡിനും കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെ നിര്‍മാതാക്കള്‍ നിയമനടപടിക്കും ആലോചനതുടങ്ങിയതോടെയാണ് ഫെയ്‌സ്ബുക്കിലൂടെ ഷെയിന്‍ ക്ഷമാപണം നടത്തിയത്. എന്നാല്‍ ഷെയിനിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സിനിമാസംഘടനകള്‍.

Top