ഇനി കാലിത്തീറ്റയും, കോഴിത്തീറ്റയും ആനവണ്ടിയിൽ വീട്ടുപടിക്കല്‍ എത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കന്നുകാലികള്‍ക്കും കോഴികള്‍ക്കും തീറ്റയെത്തിക്കുന്ന ‘ഫീഡ് ഓണ്‍ വീല്‍സ്’ പദ്ധതിയുമായി പൊതുമേഖലയിലെ കാലിത്തീറ്റ നിര്‍മാതാക്കളായ കേരള ഫീഡ്‌സ്. ആദ്യഘട്ടത്തില്‍ രണ്ടു ബസുകള്‍ ഇതിനായി നിരത്തിലിറക്കും. നേരത്തേ ബുക്ക് ചെയ്‌തോ വഴിയില്‍ ബസ് നിര്‍ത്തിച്ചോ തീറ്റ വാങ്ങാം. വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുമെന്നു മാത്രമല്ല, 40 രൂപ മുതല്‍ 300 രൂപ വരെ വിലക്കുറവുമുണ്ടാകും.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ ട്രയല്‍ റണ്‍ വിജയമായതോടെയാണു പദ്ധതിക്ക് ഇന്നു തുടക്കമിടുന്നത്. ഒരു ചാക്ക് മാത്രം ആവശ്യമുള്ളവര്‍ക്കും തീറ്റയെത്തിക്കും. ആദ്യഘട്ടത്തില്‍ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാന്റുകള്‍ കേന്ദ്രീകരിച്ചാണു കെഎസ്ആര്‍ടിസിയുടെ ലോജിസ്റ്റിക് സര്‍വീസ്.

ഗ്രാമീണ മേഖലകളിലൂടെയാണു ബസിന്റെ യാത്ര. 9447490116 എന്ന നമ്പറില്‍ എസ്എംഎസ് ആയോ, വാട്‌സാപ് വഴിയോ വിലാസവും ഫോണ്‍ നമ്പറും ആവശ്യമായ അളവും നല്‍കി ബുക്ക് ചെയ്യാം.

ലൊക്കേഷനും പങ്കുവയ്ക്കാം. ആവശ്യക്കാരുടെ എണ്ണം നോക്കി റൂട്ട് ക്രമീകരിക്കും. കാലിത്തീറ്റ 50 കിലോയുടെ ചാക്കും കോഴിത്തീറ്റ 20 കിലോയുടെ ചാക്കുമാണുളളതെന്ന് കേരള ഫീഡ്‌സ് എംഡി ഡോ.ബി.ശ്രീകുമാര്‍ പറഞ്ഞു. ഇന്നു തിരുവനന്തപുരത്തു മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്യും.

 

Top