ഒരു മാസത്തിനുള്ളില്‍ കൊള്ളയടിച്ചത് നാല് ബാങ്കുകള്‍; ‘പിങ്ക് ലേഡി ബാന്‍ഡിറ്റും’ കൂട്ടാളിയും അറസ്റ്റില്‍

വാഷിങ്ടണ്‍: ഒരു മാസത്തിനുള്ളില്‍ നാല് ബാങ്കുകള്‍ കൊള്ളയടിച്ച ‘പിങ്ക് ലേഡി ബാന്‍ഡിറ്റും’ കൂട്ടാളിയും അറസ്റ്റില്‍.

അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റില്‍ നിരവധി ബാങ്കുകളില്‍ നിന്ന് പണം തട്ടിയെടുത്ത സിര്‍സി ബെയ്സും സഹായി അലക്സിസ് മൊറാലസിനെയുമാണ് ഷാര്‍ലറ്റ് സ്പീഡ് വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഞായറാഴ്ച പൊലീസ് അറ്‌സറ്റ് ചെയ്തത്.

സിര്‍സിയുടെ പക്കല്‍ എപ്പോഴും പിങ്ക് നിറത്തിലുള്ള ബാഗ് ഉള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സാക്ഷികളുടെ മൊഴികളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പിങ്ക് ലേഡി ബാന്‍ഡിറ്റ് എന്ന ഇരട്ടപ്പേര് അന്വേഷണസംഘം നല്‍കിയത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കാര്‍ലിസ്ലി, പെന്‍സില്‍വാനിയ, ഡെലവേര്‍, നോര്‍ത്ത് കരോലിന എന്നിവടങ്ങളിലെ ബാങ്കുകളിലാണ് സിര്‍സിയും അലക്സിസും മോഷണം നടത്തിയത്. ഏറ്റവുമൊടുവില്‍ നോര്‍ത്ത് കരോലിനയിലെ ബിബിടി ബാങ്കിലാണ് ഇവര്‍ പണത്തട്ടിപ്പ് നടത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയിരുന്നത്.

ഇവര്‍ക്കെതിരെ മോഷണത്തിനും ആയുധം കൈവശം വെയ്ക്കലിനും ഭീഷണിപ്പെടുത്തലിനും പൊലീസ് കേസെടുത്തു. ആദ്യത്തെ രണ്ട് മോഷണങ്ങള്‍ക്കുമുള്ള തെളിവുകള്‍ ആസ്പദമാക്കിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാക്കിയുള്ള തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു വരുന്നു.

Top